ഇയാളുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ വഴി ലഭിക്കുന്ന തുക തീവ്രവാദബന്ധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്നവരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നതും ഉള്‍പ്പെടുന്നു.
ഡല്‍ഹി സ്‌ഫോടന കേസ് അന്വേഷണം സര്‍വകലാശാലയുമായി ബന്ധമുള്ള വ്യക്തികളിലേക്ക് എത്തി നിന്നതുമുതല്‍ അല്‍ ഫലാ സര്‍വകലാശാല നിരീക്ഷണത്തിലാണ്.
സിദ്ദിഖിയുടെ ഇളയ സഹോദരനെ ചുറ്റിപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിദ്ദിഖിനെതിരായ നടപടി. സിദ്ദിഖിയുടെ ഇളയ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഹൈദരാബാദില്‍ നിന്ന് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖിക്കെതിരായ ഇഡിയുടെ നീക്കം.
advertisement
മധ്യപ്രദേശിലെ ഇന്‍ഡോർ ജില്ലയിലെ മൊഹോയില്‍ 2000ല്‍ ഫയല്‍ ചെയ്ത ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് 25 വര്‍ഷത്തോളമായി ഹമൂദ് ഒളിവിലായിരുന്നു.
1988ലെ കലാപ കേസ്, കൊലപാതകശ്രമം എന്നിവയുള്‍പ്പെടെ നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ ഞായറാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഇവിടെ ഒരു ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപ സ്ഥാപനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 1990കളില്‍ നിക്ഷേപകര്‍ക്ക് 20 ശതമാനം വരുമാനം വാഗ്ദാനം ചെയ്ത് ഇയാള്‍ മൊഹോയില്‍ മറ്റൊരു നിക്ഷേപ സംരംഭം നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
40 ലക്ഷം രൂപ സ്വരൂപിച്ച ഇയാളെ പിന്നീട് കാണാതായി. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 420(വഞ്ചന) പ്രകാരം മൂന്ന് പരാതികളില്‍ കേസുകളെടുത്തു.
ആരാണ് ജവാദ് അഹമ്മദ് സിദ്ദിഖി?
നവംബര്‍ 10ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നാലെയാണ് സിദ്ദിഖിയുടെ പേര് രാജ്യമെമ്പാടും വലിയ ചര്‍ച്ചയ്ക്ക് ഇട നല്‍കിയത്.
സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ കാര്‍ ബോംബ് സ്‌ഫോടനത്തിലെ പ്രതിയായ ഡോ. ഉമര്‍ നബിയും അല്‍ ഫലാ സര്‍വകലാശാലയുമായി ബന്ധപ്പെട്ട മൂന്ന് ഡോക്ടര്‍മാരും തമ്മിലുള്ള ബന്ധം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഹരിയാന പൊലീസും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ഏകദേശം 2900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.
സിദ്ദിഖി സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. എന്നാല്‍ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ ഇയാളുടെ പദവികള്‍ നല്‍കിയിട്ടുണ്ട്.
- അല്‍ ഫലാ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി(1995 മുതല്‍)
- അല്‍ ഫലാ സര്‍വകലാശാലയിലെ ചാന്‍സര്‍(2014 മുതല്‍)
- അല്‍ ഫലാ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍(1996 മുതല്‍)
ജവാദ് അഹമ്മദ് സിദ്ദിഖിയും കുടുംബവും മുമ്പ് മൊഹോയിലെ കയാസ്ത് മൊഹല്ലിലാണ് താമസിച്ചിരുന്നത്. അവിടെ ഇയാളുടെ പിതാവ് മുഹമ്മദ് ഹമീദ് സിദ്ദിഖി സെഹര്‍ ഖാസിയായി സേവനം ചെയ്തിരുന്നുവെന്ന് ഇന്‍ഡോര്‍ അഡീഷണല്‍ എസ് പി രൂപേഷ് ദ്വിവേദി പറഞ്ഞു.
1992 സെപ്റ്റംബര്‍ 18ന് സിദ്ദിഖി അല്‍ ഫലാ ഇന്‍വെസ്റ്റ്‌മെന്റില്‍ ഡയറക്ടറാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1995-ല്‍ സ്ഥാപിതമായ അല്‍ ഫലാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പിന്നിലെ സുപ്രധാന വ്യക്തിയായി ഇയാള്‍ പിന്നീട് ഉയര്‍ന്നുവന്നു. നിലവില്‍ ഇയാള്‍ അല്‍ ഫലാ സര്‍വകലാശാലയുടെയും മറ്റ് നിരവധി അനുബന്ധ സ്ഥാപനങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നു. ഫരീദാബാദിലെ ദൗജ് ഗ്രാമത്തിലാണ് സര്‍വകലാശാലയുടെ പ്രഥമ കാംപസ് സ്ഥിതി ചെയ്യുന്നത്.
