ജമ്മു കശ്മീരിലെ പുൽവാമയിലെ കോയിൽ സ്വദേശിയായ ഘാ നബി ഭട്ടിന്റെയും ഷമീമ ബാനോവിന്റെയും മകനായി 1989 ഫെബ്രുവരി 24നാണ് ഡോ. ഉമർ യു നബി ജനിച്ചത്. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും എംഡി (മെഡിസിൻ)യും പൂർത്തിയാക്കിയ ഇയാൾ പിന്നീട് ജിഎംസി അനന്ത്‌നാഗിൽ സീനിയർ റെസിഡന്റായി ജോലി ചെയ്തു. ഇതിന് ശേഷം ഡൽഹിയിലേക്ക് താമസം മാറി. അവിടെ ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു.
advertisement
തീവ്രവാദ സംഘടനകളുമായുള്ള ബന്ധം
തീവ്രവാദ സംഘടനകളുടെ ഭാഗമെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടർമാരോടൊപ്പം ടെലിഗ്രാം പോലെയുള്ള എൻക്രിപ്റ്റ് ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഡോ. ഉമറും ഉൾപ്പെട്ടിരുന്നുവെന്ന് വിവിധ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ജമ്മു കശ്മീർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ ഡോ. അദീലിന്റെ അടുത്ത അനുയായിയാണ് ഇയാൾ എന്ന് കരുതുന്നു. ഇരുവരും മുമ്പ് അനന്ത്‌നാഗിലെ ഒരേ സർക്കാർ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ആ സമയം അവിടെ നിന്ന് ഒരു എകെ റൈഫിൾ കണ്ടെടുത്തിരുന്നു.
ചെങ്കോട്ടയിൽ സ്‌ഫോടനം നടന്നതിന് പിന്നാലെ പുൽവാമയിൽ നിന്ന് ഡോ. ഉമറിന്റെ ഉമ്മ ഷമീമ ബാനോവിനേയും സഹോദരന്മാരായ സഹൂർ, ആഷിക് നബി എന്നിവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫരീദാബാദിൽ സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട് ഡോക്ടർമാർ അടങ്ങിയ ഒരു സംഘത്തിനെതിരേ ഫരീദാബാദ്, ജമ്മു കശ്മീർ പോലീസ് നടപടികൾ സ്വീകരിച്ചിരുന്നു. ഇതിൽ ആശങ്കാകുലനായി ഒളിവിലായിരുന്ന ഡോ. ഉമർ തന്റെ കൈവശമുള്ള വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
ഇയാൾക്ക് ഈ സംഭവവുമായുള്ള ബന്ധം പൂർണമായി സ്ഥിരീകരിക്കാൻ ഷമീമ ബാനോവിന്റെ ഡിഎൻഎ പരിശോധന നടത്തുന്നുണ്ട്
