മഹാരാഷ്ട്രയിൽ ജനിച്ച ജസ്റ്റിസ് യു.യു. ലളിത് 1983-ലാണ് അഭിഭാഷകജോലി ആരംഭിച്ചത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ മുൻ അഡീഷണൽ ജഡ്ജി യു.ആർ. ലളിതിന്റെ മകനാണ്. 1985 വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത ലളിത് 1986 ൽ ഡൽഹിയിലേക്ക് മാറി. 2004ൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി. ക്രിമിനൽ നിയമത്തിൽ അനുഭവപരിചയമുള്ള അദ്ദേഹം നിരവധി പ്രമാദമായ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടിയും ഹാജരായിട്ടുണ്ട്. 2ജി അഴിമതിക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു അദ്ദേഹം.
advertisement
Also Read- Job | 'രണ്ടര വർഷത്തിനിടെ ജോലി തേടി വിദേശത്ത് പോയത് 28 ലക്ഷത്തിലധികം ഇന്ത്യക്കാർ'
2014 ഓഗസ്റ്റിലാണ് ജസ്റ്റിസ് യു.യു. ലളിത് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ ലളിതിന്റെ സുപ്രധാന വിധികളിൽ ഒന്നായിരുന്നു മുത്തലാഖ് നിർത്തലാക്കാനുള്ള ഉത്തരവ്. 2017 ലായിരുന്നു വിധി പ്രസ്താവിച്ചത്. ഈ ആചാരം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിധിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് വേണ്ടി അദ്ദേഹം ഹാജരായിരുന്നു. അതിനാൽ അയോധ്യ കേസ് വിചാരണയിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു.
പോക്സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കിയതും ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്. ജസ്റ്റിസ് യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിരുൾപ്പെട്ട ബെഞ്ചിന്റേതായിരുന്നു നിർണായക ഉത്തരവ്. വസ്ത്രത്തിനു മുകളിലൂടെയുള്ള സ്പർശനം പോക്സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ലെന്നായിരുന്നു വിധി. എന്നാൽ ഇത്തരം കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ ലൈംഗികോദ്ദേശ്യത്തോടെയാണോ സ്പർശിച്ചത് എന്നാണ് പരിശോധിക്കേണ്ടതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
ഈ വർഷം ജൂലൈയിൽ, ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് കോടതിയലക്ഷ്യ കേസിൽ വിജയ് മല്യയെ നാല് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. കോടതി ഉത്തരവുകൾ ലംഘിച്ച് കുടുംബാംഗങ്ങൾക്ക് 40 മില്യൺ ഡോളർ നൽകിയതിനാണ് മല്യക്കെതിരെ കോടതിയലക്ഷ്യ കുറ്റം ചുമത്തിയത്.