ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ ബഹിരാകാശത്ത് ത്രിവർണ പതാക പാറുമെന്ന് 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് രാജ്യം. ഇതിന്റെ ഭാഗമായി ചരിത്രപരമായ ചുവടുവെയ്പിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒയും (Indian Space Research Organisation (ISRO)). ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് നിർമ്മിച്ച പേലോഡുകൾ (Payloads) ഓഗസ്റ്റ് ഏഴിന് എസ്എസ്എൽവിയിലൂടെ (Small Satellite Launch Vehicle (SSLV)) വിക്ഷേപിക്കപ്പെടും.
2018 ൽ മോദി പ്രഖ്യാപിച്ചതു പോലെ, ത്രിവർണ പതാകയുമേന്തിയാകും ഐഎസ്ആർഒ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ചെറിയ റോക്കറ്റ് കുതിക്കുക. ഓഗസ്റ്റ് 7 ന് രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (Satish Dhawan Space Centre) നിന്നായിരിക്കും വിക്ഷേപണം. ആസാദിസാറ്റ് (AzaadiSAT) എന്ന പേരിൽ വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ചെറു ഉപഗ്രഹമായിരിക്കും പേലോഡുകൾ വഹിക്കുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 750 പെൺകുട്ടികൾ ചേർന്ന് വികസിപ്പിച്ച ഉപഗ്രഹമാണിത്. ഈ പെൺകുട്ടികളെല്ലാവരും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പെൺകുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ മേഖലകളിലേക്ക് കൂടുതൽ പെൺകുട്ടികളെ ആകർഷിക്കുന്നതിനുമാണ് ഐഎസ്ആർഒ ഇത്തരമൊരു നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.
ഏകദേശം 120 ടൺ ഭാരമുള്ള എസ്എസ്എൽവി റോക്കറ്റിന് 500 കിലോഗ്രാം വരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ കഴിയും. കുറഞ്ഞ ചെലവ്, വേഗത, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം, ആവശ്യാനുസരണമുള്ള വിക്ഷേപണം, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഈ എസ്.എസ്.എൽ.വിയുടെ മറ്റ് പ്രത്യേകതകൾ. ചെറിയ ഉപഗ്രഹ വിക്ഷേപങ്ങൾ നടത്താനുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന നീക്കമായിരിക്കും ഇതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
500 കിലോഗ്രാം ഭാരമുള്ള മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ എസ്എസ്എൽവിക്ക് കഴിയുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥർ ന്യൂസ് 18-നോട് പറഞ്ഞു.
സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ടീമാണ് പേലോഡുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും അമച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് വോയ്‌സ്, ഡാറ്റ ട്രാൻസ്മിഷൻ സാദ്ധ്യമാക്കുന്ന വിധത്തിൽ ഹാം റേഡിയോ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന യു.എച്ച്.എഫ് - വി.എച്ച്.എഫ് ട്രാൻസ്‌പോണ്ടറും, ഒരു സെൽഫി ക്യാമറയും പേലോഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. 'വിമൻ ഇൻ സ്‌പേസ്' എന്നാണ് ഈ വർഷത്തെ യു.എൻ തീം എന്നും സയൻസ്, ടെക്നോളജി മേഖലകളിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായാണ് പെൺകുട്ടികൾ മാത്രമടങ്ങുന്ന ഇത്തരമൊരു ബഹിരാകാശ ദൗത്യം നടത്തുന്നതെന്നും സ്പേസ് കിഡ്‌സ് ഇന്ത്യയുട ചീഫ് ടെക്‌നോളജി ഓഫീസർ റിഫത്ത് ഷാറൂഖ് പറഞ്ഞു.
Summary: India all set to launch AzaadiSAT, a satellite developed by 750 girlsഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.