കഴിഞ്ഞ വർഷം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ ശ്രീനഗർ വരെ നടത്തിയ മാർച്ചാണ് ‘ഭാരത് ജോഡോ യാത്ര’ എന്നറിയപ്പെടുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് ഇംഫാലിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുമെന്നും പാർട്ടി അറിയിച്ചു. 66 ദിവസങ്ങളിലായി 6,700 കിലോമീറ്റർ ആകും മാർച്ചിൽ ആകെ കവർ ചെയ്യുക. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധി ദിവസവും രണ്ട് തവണ പ്രസംഗിക്കും.
“യാത്ര സംബന്ധിച്ചു നടത്തിയ ചർച്ചകളെ അടിസ്ഥാനമാക്കി ഞങ്ങൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ടുകൾ തീരുമാനിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശും മാർച്ചിൽ ഉൾക്കൊള്ളക്കണം എന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. അരുണാചൽ ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകും, ” ജയറാം രമേശ് കൂട്ടിച്ചേർത്തു.
advertisement
അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ആരംഭിച്ച് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്തറിലേക്ക് മാർച്ച് നടത്താനാണ് കോൺഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ മെയ് 3 മുതൽ മണിപ്പൂരിൽ നടന്ന വംശീയ കലാപം കൂടി കണക്കിലെടുത്താണ് യാത്രയുടെ റൂട്ട് മാറ്റാൻ പാർട്ടി തീരുമാനിച്ചത്. ഉത്തർപ്രദേശിൽ 1,000 കിലോമീറ്റർ ദൂരം യാത്ര കടന്നുപോകും. ഇവിടെ ഒരേയൊരു എംപി (സോണിയാ ഗാന്ധി) മാത്രമാണ് കോൺഗ്രസിന് ഇപ്പോൾ ഉള്ളത്. പശ്ചിമ ബംഗാളിൽ, ഏഴ് ജില്ലകളിലായി 523 കിലോമീറ്റർ ദൂരവും ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകും.
പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ എല്ലാ പാർട്ടികളെയും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളെയും യാത്രയിലേക്ക് ക്ഷണിക്കും എന്നും ജയറാം രമേഷ് പറഞ്ഞു. മൊത്തം 110 ജില്ലകളിലൂടെ മാർച്ച് കടന്നു പോകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഗുജറാത്തിൽ കോൺഗ്രസ് ഏറ്റവും വലിയ പരാജയം നേരിട്ടെങ്കിലും ഹിമാചൽ പ്രദേശിൽ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചു. ഉത്തരേന്ത്യയിലും പാർട്ടി അപ്രസക്തമായെങ്കിലും 2023ൽ കർണാടകയിലും തെലങ്കാനയിലും കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിരുന്നു.