കേസിനാസ്പദമായ സംഭവം
ദിവസങ്ങള്‍ക്ക് മുമ്പാണ് കുറച്ച് അഹിന്ദുക്കള്‍ പഴനി ക്ഷേത്രത്തിലേക്ക് പോകാന്‍ ടിക്കറ്റ് എടുക്കുന്നത് ഹര്‍ജിക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. പഴനി ബസ് സ്റ്റാന്‍ഡിനടുത്ത് ഒരു കട നടത്തുന്ന ഷാഹുലും അദ്ദേഹത്തിന്റെ ബന്ധുക്കളുമാണ് ക്ഷേത്രത്തിലേക്ക് കയറാനായി എത്തിയത്. ബന്ധുക്കളില്‍ ചിലര്‍ ബൂര്‍ഖ ധരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ടിക്കറ്റ് നല്‍കിയ ജീവനക്കാരന്‍ അത് തിരികെ ആവശ്യപ്പെട്ടു. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിലേക്ക് കടക്കാനാകില്ലെന്നും ഇവരോട് പറഞ്ഞു. എന്നാല്‍ ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാണെന്ന് ഷാഹുല്‍ ക്ഷേത്ര ജീവനക്കാരോട് തര്‍ക്കിച്ചു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെങ്കില്‍ അത്തരമൊരു ബോര്‍ഡ് ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിക്കണമെന്നും ഷാഹുല്‍ പറഞ്ഞു.
advertisement
സംഭവം വിവാദമായതോടെ ക്ഷേത്ര ജീവനക്കാരെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അവ എടുത്തുമാറ്റിയിരുന്നു. ക്ഷേത്ര ജീവനക്കാര്‍ക്ക് മേലുണ്ടായ സമ്മര്‍ദ്ദമായിരിക്കാം ബോര്‍ഡ് എടുത്തുമാറ്റുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇതിനുപിന്നാലെയാണ് പരാതിയുമായി ചിലര്‍ കോടതിയെ സമീപിച്ചത്.
തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തില്‍ അഹിന്ദുക്കളായ ഒരു സംഘം പേര്‍ മാംസാഹാരം കഴിച്ച റിപ്പോര്‍ട്ടുകളും പരാതിക്കാരന്‍ കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു. ഹംപി ക്ഷേത്ര സമുച്ചയത്തിനടുത്ത് വെച്ച് ഒരു സംഘം മാംസാഹാരം കഴിച്ചതും പരാതിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അതേസമയം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിലൂടെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശവും വികാരവും നിഷേധിക്കപ്പെടുകയാണെന്ന് എതിര്‍ഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കേണ്ടെന്ന് കോടതി പറഞ്ഞു.
അഹിന്ദുവായ, ക്ഷേത്ര വിശ്വാസങ്ങളില്ലാത്ത ഒരാള്‍ക്ക് ക്ഷേത്രത്തിലെ രീതികള്‍ പിന്തുടരാനാകില്ല. ഈ അവസ്ഥയില്‍ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുമാകില്ല. അതിനാല്‍ അവരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന രീതിയില്‍ വ്യാഖ്യാനിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
"അത്തരത്തില്‍ വിശ്വാസമില്ലാത്ത മറ്റ് മതത്തില്‍പ്പെട്ടവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയാണെങ്കില്‍ അത് ക്ഷേത്ര വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമായിരിക്കും. ഹിന്ദുക്കളുടെ ഭരണഘടനപരമായ അവകാശം ഇതിലൂടെ ധ്വംസിക്കപ്പെടും. ഹിന്ദുമതവും ആചാരങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വകുപ്പാണ് ഹിന്ദു റിലീജിയന്‍ ആന്‍ഡ് ചാരിറ്റബില്‍ എന്‍ഡോവ്‌മെന്റ് വകുപ്പ്," എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രമൊരു പിക്‌നിക് സ്‌പോട്ടല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ വാസ്തുവിദ്യയും മറ്റും കാണാന്‍ മറ്റ് മതസ്ഥര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ കൊടിമരത്തിനപ്പുറം പോകാന്‍ അനുവാദമില്ല. ക്ഷേത്ര പരിസരത്തിന് അര്‍ഹമായ ബഹുമാനം നല്‍കണമെന്നും കോടതി പറഞ്ഞു.
പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. അതിനാല്‍ ഉത്തരവ് പഴനി ക്ഷേത്രത്തിന് മാത്രമായി ചുരുക്കണമെന്ന് എതിര്‍ഭാഗം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ വിധിയെ വിശാലമായ രീതിയില്‍ കാണണമെന്നും എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും ഉത്തരവ് ബാധകമാക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. വിവിധ മതങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ വിധിയെ കാണേണ്ടതെന്നും കോടതി വ്യക്തമാക്കി.