കുടുംബകോടതി ഉത്തരവിനെതിരേ ഭര്‍ത്താവ് വിപുല്‍ അഗര്‍വാള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മീററ്റ് കുടുംബകോടതിയിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജി ഫെബ്രുവരി 17ന് പുറപ്പെടുവിച്ച ജീവനാംശ ഉത്തരവ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് സുഭാഷ് ചന്ദ്ര ശര്‍മ റദ്ദാക്കി.
ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്നതിന് മതിയായ കാരണങ്ങള്‍ തെളിയിക്കാന്‍ ഭാര്യ പരാജയപ്പെട്ടുവെന്ന് വിചാരണ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 5000 രൂപ നല്‍കാന്‍ നേരത്തെ നിശ്ചയിച്ചതാണെങ്കിലും ഭര്‍ത്താവ് അവരെ പരിപാലിക്കുന്നത് അവഗണിക്കുകയാണെന്നും വിചാരണ കോടതി കണ്ടെത്തി.
advertisement
ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ സെക്ഷന്‍ 125 പ്രകാരം മതിയായ കാരണങ്ങളില്ലാതെ ഭാര്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്നുണ്ടെങ്കില്‍ അവള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ഹൈക്കോടതി പറഞ്ഞു. വാദം കേള്‍ക്കുന്നതിനിടയില്‍ ഭാര്യ മതിയായ കാരണങ്ങളില്ലാതെയാണ് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞുതാമസിക്കുന്നതെന്ന് വിചാരണക്കോടതി രേഖപ്പെടുത്തിയതായി ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, കുടുംബകോടതി ഭാര്യക്ക് 5000 രൂപ മാസംതോറും ജീവനാംശമായി നല്‍കാന്‍ നിശ്ചയിച്ചിട്ടുണ്ട്.
വിചാരണ കോടതി ഹര്‍ജിക്കാരന്റെ വരുമാനശേഷി പരിഗണിച്ചിട്ടില്ലെന്നും ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കും വേണ്ടിയുള്ള ജീവനാശം 5000 രൂപയും 3000 രൂപയുമായി നിശ്ചയിച്ചിട്ടുണ്ടെന്നും ആകെ 8000 രൂപയാണ് ജീവനാംശമായി നിശ്ചയിച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ ഭര്‍ത്താവിന്റെ അവഗണന കാരണമാണ് അവര്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നതെന്നും അതുകൊണ്ടാണ് വിചാരണ കോടതി അപേക്ഷ അനുവദിച്ച് ജീവനാംശം നിശ്ചയിച്ചതെന്നും ഭാര്യയ്ക്ക് വേണ്ടിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും ഹാജരായ അഭിഭാഷകനും വാദിച്ചു.
ജൂലൈ എട്ടിനാണ് വിധി പുറപ്പെടുവിച്ചത്. ഇരുകക്ഷികള്‍ക്കും വാദം കേള്‍ക്കാന്‍ അവസരം നല്‍കിയ ശേഷം വിഷയത്തിൽ വീണ്ടും തീരുമാനമെടുക്കാൻ കുടുംബ കോടതിയിലേക്ക് തിരിച്ചയച്ചു.
അപേക്ഷ തീര്‍പ്പാക്കുന്നതുവരെ ഇടക്കാല ജീവനാംശമായി ഭാര്യക്ക് പ്രതിമാസം 3000 രൂപയും കുട്ടിക്ക് പ്രതിമാസം 2000 രൂപയും നല്‍കുന്നത് തുടരണമെന്ന് കോടതി വ്യക്തമാക്കി.