2025 സെപ്റ്റംബര്‍ 15-നാണ് സര്‍വീസിലിരിക്കെ രാജേഷ് കുമാര്‍ എന്നയാള്‍ മരണപ്പെട്ടത്. അജ്മീര്‍ വിധുത് വിത്രന്‍ നിഗം ലിമിറ്റഡില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അതേവര്‍ഷം സെപ്റ്റംബര്‍ 21-നും 26നും ആശ്രിത നിയമനത്തിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നും ഹര്‍ജിക്കാരന് ആശയവിനിമയം ലഭിച്ചിരുന്നു. എന്നാല്‍ പരേതനായ രാജേഷ് കുമാറിന്റെ ഭാര്യ ശശി കുമാരി തനിക്ക് ആശ്രിത നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് വകുപ്പിനെ സമീപിച്ചു.
രാജേഷ് കുമാര്‍ മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ പ്രൊവിഡന്റ് ഫണ്ടിന്റെയും നഷ്ടപരിഹാരത്തിന്റെയും ഏകദേശം 70 ശതമാനവും ജോലിയും അദ്ദേഹത്തിന്റെ വിധവയായ ശശി കുമാരിക്ക് ലഭിച്ചു. എന്നാല്‍ ഈ ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റി 18 ദിവസത്തിനുള്ളില്‍ അവര്‍ ഭര്‍ത്താവിന്റെ വീടും വീട്ടുകാരെയും ഉപേക്ഷിച്ചുപോയി. മാത്രമല്ല മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.
advertisement
സംഭവത്തില്‍ ഭര്‍തൃ വീട്ടുകാരുടെ പീഡനം കാരണമാണ് വീട് വിട്ടുപോകുകയും പുനര്‍വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാകുകയും ചെയ്തതെന്ന് അവർ കോടതിയെ അറിയിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളെ നോക്കാനുള്ള നിയമപരമായ ബാധ്യതയില്‍ നിന്ന് തന്നെ മോചിപ്പിക്കണമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍, നിയമപ്രകാരം ആശ്രിത നിയമന സമയത്ത് നല്‍കിയ ഭര്‍തൃവീട്ടുക്കാരെ പരിപാലിക്കുമെന്ന ഉറപ്പ് ലംഘിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, പുനര്‍വിവഹവുമായി ബന്ധപ്പെട്ട ശശി കുമാരിയുടെ വ്യക്തിപരമായ തീരുമാനങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും കോടതി ബോധപൂര്‍വം വിട്ടുനിന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ക്ഷേമത്തെ അവഗണിച്ചുകൊണ്ട് ആശ്രിത നിയമനം വഴി ലഭിച്ച ജോലിയുടെ ഫലങ്ങള്‍ ഭാര്യയ്ക്ക് മാത്രമായി അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
രാജേഷ് കുമാര്‍ സര്‍വീസിലിരിക്കെയാണ് മരിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ആദ്യ നോമിനിയായ ഹര്‍ജിക്കാരന് ആശ്രിത നിയമനം വാഗ്ദാനം ചെയ്തതായും രേഖകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഭഗവാന്‍ തനിക്ക് പകരം ആ ജോലി മരുമകള്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഇരുവരും മരിച്ചുപോയ വ്യക്തിയെ സാമ്പത്തികമായി ആശ്രയിച്ചിരുന്നതായും അദ്ദേഹത്തിന്റെ അകാല മരണത്തോടെ നിരാലംബരായിരുന്നതായും വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല ഹര്‍ജിക്കാരന് മറ്റ് ഉപജീവനമാര്‍ഗ്ഗമില്ലെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് ജീവിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന രേഖകളും കോടതി ശരിവച്ചു.
പരേതനവായ ഭര്‍ത്താവിന്റെ ആശ്രിതരായ മാതാപിതാക്കളെ പരിപാലിക്കുമെന്ന് സത്യവാങ്മൂലം നല്‍കിയാണ് ശശി കുമാരി ആശ്രിത നിയമനം നേടിയത്. അവരുടെ ക്ഷേമത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും ശശി കുമാരി സമ്മതിച്ചിരുന്നു. ഇത് പാലിക്കുന്നതില്‍ അവർ പരാജയപ്പെട്ടതായും ഇത്തരം പെരുമാറ്റം അടിസ്ഥാന വാഗ്ദാനത്തിന്റെയും വിശ്വാസത്തിന്റെയും ലംഘനമാണെന്നും കോടതി പറഞ്ഞു. ഭര്‍തൃ വീട്ടുകാരുടെ സംരക്ഷണം സംബന്ധിച്ച വാഗ്ദാനം ആശ്രിത നിയമന നിയമത്തിലെ അടിസ്ഥാനപരമായ വ്യവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മരണപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ള കാരുണ്യ നിയമനം ഒരു നിക്ഷിപ്ത അവകാശമല്ലെന്നും മറിച്ച് ഒരു കാരുണ്യ പ്രവൃത്തിയാണെന്നും രാജസ്ഥാന്‍ ഹൈക്കോടതി പറഞ്ഞു. ഇത് ഒരു ക്ഷേമ നടപടിയാണ്, ഒരു തൊഴില്‍ രീതിയല്ലെന്നും കോടതി വ്യക്തമാക്കി. ഒരു പ്രത്യേക ഉറപ്പിന്മേല്‍ തൊഴില്‍ ആനുകൂല്യം നേടിയതിനാല്‍ ആ ബാധ്യത നിരസിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
