നന്ദിഗ്രാമിൽ നിന്നും താൻ തെരഞ്ഞടുപ്പിന് അങ്കത്തിനിറങ്ങുമെന്ന കാര്യവും മമത പ്രഖ്യാപിച്ചിട്ടുണ്ട്. 2007 ൽ അന്നത്തെ ഇടതുസർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമത്തെത്തുടർന്ന് ശ്രദ്ധേയമായ നന്ദിഗ്രാം പശ്ചിമ ബംഗാളിലെ ഒരു 'ഹൈ പ്രൊഫൈൽ' മണ്ഡലമാണ്. തന്‍റെ പരമ്പരാഗത സീറ്റായ തെക്കൻ കൊൽക്കത്തയിലെ ഭബാനിപൂരിൽ സുഹൃത്തും സഹപ്രവർത്തകനുമായ സോവന്ദേബ് ഛതോപാധ്യായയ്ക്ക് കൈമാറിയെന്ന കാര്യവും മമത ബാനർജി വ്യക്തമാക്കി.
Also Read-നേപ്പാൾ പൊലീസിന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, ഉത്തർപ്രദേശ് അതിർത്തിയിൽ ജാഗ്രത
advertisement
'ഞാൻ ഒരു വാഗ്ദാനം ചെയ്താൽ അത് ഞാൻ പാലിക്കും' എന്നാണ് നന്ദിഗ്രാമിൽ മത്സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മമത വിശദീകരിക്കുന്നത്. മമതയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ഇപ്പോൾ എതിരാളിയുമായ സുവേന്ദു അധികാരി 2016 ൽ മത്സരിച്ച് ജയിച്ച സീറ്റായ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന കാര്യം ഇക്കഴിഞ്ഞ ഡിസംബറിലാണ് തൃണമൂൽ അധ്യക്ഷ കൂടിയായ മമത അറിയിച്ചത്. നന്ദിഗ്രാമിൽ വച്ചു തന്നെ നടന്ന റാലിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായതെന്നും ശ്രദ്ധേയമാണ്. അന്ന് നൽകിയ വാക്ക് പാലിച്ച് അതേ മണ്ഡലത്തിൽ തന്നെ മത്സരിക്കാനിറങ്ങുകയാണ് മമത.
Also Read-ടൈം മാഗസീനിൽ ഇടംനേടി കർഷക സമരത്തിലെ 'സ്ത്രീ സാന്നിധ്യം'; കവർ സ്റ്റോറിയിൽ ബിന്ദു അമ്മിണിയും
തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന് മമതയുടെ കടുത്ത വിമർശകനായി മാറിയ സുവേന്ദു അധികാരിയുടെ ഉറച്ച കോട്ടയെന്ന് കരുതപ്പെടുന്ന നന്ദിഗ്രാമിൽ മമതയ്ക്ക് എതിരെ ബിജെപി സ്ഥാനാർഥിയായി അധികാരി തന്നെ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
294 അംഗ നിയമസഭയാണ് പശ്ചിമ ബംഗാളിൽ. ഇതിൽ 291 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. വടക്കൻ ബംഗാളിലെ ഡാര്‍ജിലിംഗ്, കുര്‍സ്യോംഗ്, കലിമ്പോങ് എന്നീ മൂന്ന് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നില്ല. പുറത്തുവിട്ട പട്ടികയിൽ 50 സ്ത്രീകളും 42 മുസ്ലീം സ്ഥാനാർഥികളും ഉൾപ്പെടുന്നുണ്ട്.സ്ഥാനാര്‍ഥി പട്ടികയിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെ 25 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ തന്നെ കോവിഡ് സാഹചര്യത്തിൽ എൺപത് വയസിന് മുകളിലുള്ള ആളുകളെയും ഒഴിവാക്കിയെന്ന കാര്യം തൃണമുല്‍ അധ്യക്ഷ വ്യക്തമാക്കി.