കോൺഗ്രസിലായിരുന്ന കാലത്തുതന്നെ ബംഗാളിന്റെ "അഗ്നി പുത്രി" എന്ന വിശേഷണത്തിൽ സംസ്ഥാനമൊട്ടാകെ പ്രശസ്തിയും സ്വാധീനവും നേടിയ ശേഷമാണ് മമത സ്വന്തം പാർട്ടി തുടങ്ങിയത്. എന്നാൽ, ഹുമയൂൺ കബീറിന്റെ സ്വാധീനം നിലവിൽ അദ്ദേഹത്തിന്റെ ജന്മനാടായ മുർഷിദാബാദിൽ ഒതുങ്ങിനിൽക്കുന്നതാണ്.
ബംഗാളിൽ ബാബറി മസ്ജിദ് നിർമ്മിക്കുമെന്ന ഹുമയൂൺ കബീറിന്റെ പ്രഖ്യാപനവും മുസ്ലിം വിഭാഗത്തിന്റെ വ്യാപക പിന്തുണയുണ്ടെന്ന അവകാശവാദവും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്ന് സസ്പെൻഷനിലായിരിക്കെ രൂപീകരിച്ച 'ജനതാ ഉന്നയൻ പാർട്ടി' (Janata Unnayan Party) ബംഗാൾ നിയമസഭയിലെ 135 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും ശ്രദ്ധേയമായ നീക്കമായിരുന്നു.
advertisement
ലക്ഷ്യം മുസ്ലിം വോട്ടുകൾ
മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ ഹുമയൂൺ കബീർ വിജയിക്കുമോ എന്നതിൽ ശക്തമായ ചർച്ചകൾ നടക്കുന്നുണ്ട്. അങ്ങനെ നടന്നാൽ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും അങ്ങേയറ്റം ദോഷകരമായിരിക്കും. കാരണം, ബംഗാളിലെ 27 ശതമാനം വരുന്ന മുസ്ലിം ജനസംഖ്യയിൽ നിന്നുള്ള വോട്ടുകളാണ് നിലവിൽ തൃണമൂലിന്റെ വിജയത്തിൽ വലിയൊരു പങ്കുവഹിക്കുന്നത്. മുസ്ലിം വോട്ടിൽ ചെറിയൊരു ശതമാനം പോലും ഹുമയൂൺ കബീറിലേക്ക് മാറിയാൽ, അത് പല മണ്ഡലങ്ങളിലും തൃണമൂലിന്റെ വിജയസാധ്യതയെ അട്ടിമറിച്ചേക്കാം. എന്നാൽ ഹുമയൂൺ കബീറിന്റെ നീക്കം മുസ്ലിം വോട്ടുകളെ വിഭജിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ല. ഒറ്റവാക്കിൽ അവസാനിപ്പിക്കാവുന്നതും ഒരു ഉത്തരത്തിൽ ഒതുങ്ങുന്നതുമല്ല അത്.
മമതയോട് 'മമത'യില്ലാത്ത ഹുമയൂൺ
ബംഗാളിൽ ബാബറി മസ്ജിദിന്റെ മാതൃക നിർമ്മിക്കുമെന്ന സ്ഫോടനാത്മകമായ പ്രഖ്യാപനം കബീർ നടത്തിയത്, മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമത ബാനർജിക്കെതിരെ നീണ്ടകാലമായി നിലനിന്നിരുന്ന പരാതികൾ പരസ്യമാക്കിയ ശേഷമാണ്. ചരിത്രം നോക്കിയാൽ മമത ബാനർജിയും ഹുമയൂൺ കബീറും തമ്മിലുള്ള ബന്ധം ഒരിക്കലും അത്ര സുഖകരമായിരുന്നില്ല. പാർട്ടിക്കുള്ളിൽ തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന തോന്നൽ അദ്ദേഹത്തിന് പണ്ടേ ഉണ്ടായിരുന്നു. അതുകൊണ്ട്തന്നെ ഹുമയൂൺ കബീറിന്റെ നീക്കം തൃണമൂൽ നേതൃത്വവുമായി വർഷങ്ങളായുള്ള അസ്വാരസ്യങ്ങളുടെ പരിസമാപ്തിയാണ്.
ഹുമയൂൺ കബീറിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അദ്ദേഹം മുൻപും മമത ബാനർജിയുമായി പരസ്യമായി കൊമ്പുകോർത്തിട്ടുണ്ടെന്ന് കാണാം. മമത ബാനർജിയെ വിമർശിച്ചതിനും, തന്റെ അനന്തരവൻ അഭിഷേക് ബാനർജിയെ പാർട്ടിയിലെ 'രാജാവാക്കാൻ' മമത ശ്രമിക്കുന്നു എന്ന് ആരോപിച്ചതിനും 2015-ൽ കബീറിനെ ആറ് വർഷത്തേക്ക് തൃണമൂലിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ട കാലത്ത് അദ്ദേഹം അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (AIMIM-All India Majlis-e-Ittehadul Muslimeen) പാർട്ടിയുമായി അടുക്കാൻ ശ്രമിച്ചിരുന്നു.
ഹുമയൂൺ കബീറിന്റെ ആദ്യകാല റാലികളിലെ വലിയ മുസ്ലിം ജനക്കൂട്ടം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. തന്റെ മുസ്ലിം സ്വത്വത്തിന് ഊന്നൽ നൽകുന്നതിലൂടെ കൂടുതൽ ഫണ്ടും പിന്തുണയും സമാഹരിക്കാൻ കഴിയുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മുർഷിദാബാദിലെ 22 സീറ്റുകളിൽ സിപിഎം ഐഎസ്എഫ് (ISF) എന്നിവരുമായി സീറ്റ് പങ്കിടാനുള്ള സാധ്യത ഹുമയൂൺ കബീറിന് രാഷ്ട്രീയമായി വലിയ മുതൽക്കൂട്ടായേക്കാം. എങ്കിലും, അസദുദ്ദീൻ ഒവൈസിയുമായി കൈകോർക്കുന്നത് കബീറിന് എത്രത്തോളം ഗുണം ചെയ്യുമെന്നത് സംശയകരമാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ ഏഴ് സീറ്റുകളിൽ AIMIM മത്സരിച്ചെങ്കിലും ഒരിടത്തുപോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
ബംഗാൾ പോലുള്ള ഒരു സംസ്ഥാനത്ത് മുസ്ലിം വോട്ടുകൾ വിഭജിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. മുസ്ലിം സമുദായത്തിന് മമത ബാനർജിയോട് കാര്യമായ എതിർപ്പുകളൊന്നും നിലവിൽ പരസ്യമായി ഇല്ല എന്നതാണ് ഇതിന് കാരണം. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ഒരു 'കിംഗ് മേക്കർ' ആയി മാറുമെന്ന് ഹുമയൂൺ കബീർ അവകാശപ്പെടുന്നുണ്ടെങ്കിലും, അത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം. തന്റെ വോട്ട് ബാങ്ക് തകർക്കാൻ വേണ്ടിയുള്ള ബിജെപിയുടെ നീക്കമാണ് കബീറിലൂടെ നടത്തുന്നതെന്നാണ് മമതയുടെ ആരോപണം.
ഹുമയൂൺ കബീറിന്റെ വെല്ലുവിളികൾ
ഹുമയൂൺ കബീറിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്.
2015-ൽ ആറ് വർഷത്തേക്ക് പുറത്താക്കപ്പെട്ട കബീർ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. പരാജയപ്പെട്ടതിന് പിന്നാലെ അദ്ദേഹം തൃണമൂലിലേക്ക് തിരിച്ചുവന്നു. ഈ 'ബിജെപി ബന്ധം' ഒരു വെല്ലുവിളിയായി ഇന്നും അദ്ദേഹത്തിനൊപ്പമുണ്ട്. ഒറ്റയ്ക്കുള്ള ഈ പോരാട്ടത്തിലും മുസ്ലിം വോട്ടർമാർക്കിടയിൽ അദ്ദേഹത്തോടുള്ള വിശ്വാസം കുറയ്ക്കാൻ ബിജെപി ബന്ധം കാരണമായേക്കാം.
നിലവിൽ ശക്തമായ പാർട്ടി സംവിധാനമോ, താഴേത്തട്ടിലുള്ള പ്രവർത്തകരോ,വിശ്വസിക്കാവുന്ന സഖ്യകക്ഷികളോ ഹുമയൂൺ കബീറിനില്ല. സംസ്ഥാനത്തെ നിലവിലുള്ള മുസ്ലിം പാർട്ടിയായ ഐ.എസ്.എഫുമായി സീറ്റ് പങ്കിടാൻ ധാരണയുണ്ടാക്കിയാൽ അത് താഴേത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ ആഭ്യന്തര തർക്കങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.
ചുരുക്കത്തിൽ ഹുമയൂൺ കബീർ 2026-ലെ തെരഞ്ഞെടുപ്പിൽ 135 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ മുൻകാല രാഷ്ട്രീയ മാറ്റങ്ങളും സംഘടനാപരമായ പോരായ്മകളും വലിയൊരു വിജയം നേടുന്നതിന് തടസ്സമായേക്കാം. മമത ബാനർജിയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നത് മുർഷിദാബാദിലെ വോട്ടർമാർ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും.
അനുകൂല ഘടകങ്ങൾ
വെല്ലുവിളികൾക്കിടയിലും ചില ഘടകങ്ങൾ ഹുമയൂൺ കബീറിന് അനുകൂലമായി ഭവിച്ചേക്കാം. ബിജെപിയുമായുള്ള നേരിട്ടുള്ള പോരാട്ടം വോട്ടുകളുടെ ധ്രുവീകരണത്തിന് (Polarization) കാരണമായേക്കാം. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ്. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ സർക്കാർ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിലും മുസ്ലിം പള്ളികൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന സമുദായത്തിലെ ഒരു വിഭാഗത്തിന്റെ അതൃപ്തി മുതലെടുക്കാനാണ് കബീർ ശ്രമിക്കുന്നത്. ക്ഷേത്രങ്ങൾ നവീകരിക്കപ്പെടുമ്പോൾ മുസ്ലിം അവകാശങ്ങൾ അവഗണിക്കപ്പെടുന്നു എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രചാരണം. മുർഷിദാബാദിൽ താൻ വിഭാവനം ചെയ്യുന്ന ബാബറി മസ്ജിദിന്റെ മാതൃകയ്ക്കായി വിവിധ ദാതാക്കളിൽ നിന്ന് ഏകദേശം 5 കോടി രൂപയുടെ സാമ്പത്തിക സഹായം അദ്ദേഹത്തിന് ലഭിച്ചതായി പറയപ്പെടുന്നു. ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പരിചയവും മുർഷിദാബാദിലെ ബംഗാളി മുസ്ലിം സ്വത്വവും ആ മേഖലയിലെ ഒരു വിഭാഗം മുസ്ലിം വോട്ടുകളെ ആകർഷിക്കാൻ അദ്ദേഹത്തെ സഹായിച്ചേക്കാം.
ബംഗാളിലെ മിക്കവാറും എല്ലാ തൃണമൂൽ വിരുദ്ധ പാർട്ടികളും ഹുമയൂൺ കബീറിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസും ഇടത് പാർട്ടികളും അദ്ദേഹത്തോട് മൃദുസമീപനം കാട്ടുന്നുണ്ട്. സിപിഎം അസദുദ്ദീൻ ഒവൈസിയുടെ cഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (AIMIM) തുടങ്ങിയ പാർട്ടികളുമായി സീറ്റ് വിഭജന ചർച്ചകൾക്ക് താൻ തയ്യാറാണെന്ന് കബീർ വ്യക്തമാക്കിയിട്ടുണ്ട്. മമത ബാനർജിക്കും ബിജെപിക്കുമെതിരെ ഒരു വിപുലമായ സഖ്യം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
മമതയുടെ തന്ത്രങ്ങൾ
മമത ബാനർജിയുടെ യഥാർത്ഥ തെരഞ്ഞെടുപ്പ് പ്രചാരണം വരാനിരിക്കുന്നതേയുള്ളൂ. ബിജെപി മുസ്ലിം വോട്ടുകൾ വിഭജിക്കാൻ ഹുമയൂൺ കബീറിനെ ആയുധമായി ഉപയോഗിക്കുകയാണെന്ന വാദമായിരിക്കും മമത പ്രധാനമായും ഉയർത്തുക. ഒപ്പം പാർട്ടിയിലെ സ്വാധീനമുള്ള മുസ്ലിം നേതാക്കളായ ഫിർഹാദ് ഹക്കിം , ജാവേദ് ഖാൻ, സിദ്ദിഖുല്ല ചൗധരി എന്നിവരെ മമത മുൻനിരയിൽ ഇറക്കിയേക്കും. ഇതിനകം തന്നെ ഫിർഹാദ് ഹക്കിം കബീറിന്റെ നീക്കങ്ങളെ വിമർശിച്ചിട്ടുണ്ട്.
ഫുർഫുറ ശരീഫുമായി ബന്ധപ്പെട്ട പ്രമുഖ മുസ്ലീംനേതാക്കളും ഐ.എസ്.എഫ് നേതൃത്വത്തിലെ ഒരു വിഭാഗവും മമതയുമായി സഹകരിക്കാനാണ് നിലവിൽ സാധ്യത. ബംഗാളിലെ പ്രമുഖ ഇമാമുമാരും, നഖോദ മസ്ജിദ്, ടിപ്പു സുൽത്താൻ മോസ്ക് ഭാരവാഹികളും, സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷനും മമതയ്ക്ക് നൽകുന്ന പിന്തുണ ഹുമയൂൺ കബീറിന് തടസ്സമാകും. ബംഗാളി സംസാരിക്കുന്നവരാണ് ബംഗാളിലെ മുസ്ലിംകളിൽ ഭൂരിഭാഗവും. അതിനാൽ ഉറുദുവിനെ അടിസ്ഥാനമാക്കി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പോലുള്ള പാർട്ടികൾക്ക് പരിമിതമായ സ്വാധീനം മാത്രമേ ചെലുത്താൻ കഴിയൂ.
