രാജ്യസഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് നിലവില്‍ 128 എംപിമാരുണ്ട്. പ്രതിപക്ഷത്തിന് 89 എംപിമാരാണുള്ളത്. വൈഎസ്ആര്‍സിപി, ബിആര്‍എസ്, ബിജെഡി, ബിഎസ്പി, എംഎന്‍എഫ് തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 20 അംഗങ്ങളുമാണുള്ളത്.
ആസാമില്‍ കടുത്ത പോരാട്ടം
എന്‍ഡിഎ സഖ്യകക്ഷിയായ ആസാം ഗണ പരിഷത്തിന്റെ(എജിപി) ബീരേന്ദ്ര പ്രസാദ് ബൈഷ്യയുടെയും ബിജെപിയുടെ മിഷന്‍ രഞ്ജന്‍ ദാസിന്റെയും കാലാവധി ജൂണ്‍ 14ന് അവസാനിക്കും. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ആസാമില്‍ നിലവില്‍ 80 എംഎല്‍എമാരാണുള്ളത്. ഇതില്‍ ബിജെപിക്ക് 64 പേരും എജിപിയ്ക്ക് 9 പേരും യുപിപിഎല്ലിന് 7 എംഎല്‍എമാരുമാണുള്ളത്. അതേസമയം, പ്രതിപക്ഷസ്ഥാനത്തുള്ള കോണ്‍ഗ്രസിന് 26 എംഎല്‍എമാരാണുള്ളത്. സിപിഎമ്മിന്റെ ഏക എംഎല്‍എയുടെയും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 15 എംഎല്‍എമാരുടെയും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ മൂന്ന് എംഎല്‍എമാരുടെയും പിന്തുണ അവര്‍ക്ക് ലഭിച്ചേക്കും. എഐയുഡിഎഫും ബിപിഎഫും കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതോടെ പ്രതിപക്ഷ അംഗസംഖ്യ 45 ആയി ഉയരും. ആസാം നിയമസഭയില്‍ 126 എംഎല്‍എമാരുണ്ട്. ഓരോ രാജ്യസഭാ സ്ഥാനാര്‍ഥിക്കും വിജയം ഉറപ്പാക്കുന്നതിന് 42 വോട്ട് ആവശ്യമാണ്.
advertisement
80 എംഎല്‍എമാരുള്ളതിനാല്‍ ഒഴിവ് വരുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ വിജയിക്കുമെന്ന് എന്‍ഡിഎയ്ക്ക് ആത്മവിശ്വാസമുണ്ട്. എന്നാല്‍, പ്രതിപക്ഷത്തുനിന്ന് കുറഞ്ഞത് നാല് നിയമസഭാംഗങ്ങളുടെ പിന്തുണ നേടിയില്ലെങ്കില്‍ രണ്ടാമത്തെ സീറ്റില്‍ വിജയിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായേക്കും.
തമിഴ്‌നാട്ടിലും ആശയക്കുഴപ്പം
തമിഴ്‌നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്‍പുമണി രാമദാസ്(പാട്ടാളി മക്കള്‍ കച്ചി), എന്‍ ചന്ദ്രശേഖരന്‍(അണ്ണാ ഡിഎംകെ), എം ഷണ്‍മുഖം(ഡിഎംകെ), പി വില്‍സണ്‍(ഡിഎംകെ) എം മുഹമ്മദ് അബ്ദുള്ള(ഡിഎംകെ), വൈകോ(എംഡിഎംകെ)എന്നിവരുടെ കാലാവധി ജൂണ്‍ 24ന് അവസാനിക്കും.
234 അംഗ തമിഴ്‌നാട് നിയമസഭയില്‍ ഇന്‍ഡി ബ്ലോക്കില്‍ 158 എംഎല്‍എമാരുണ്ട്. അതില്‍ ഡിഎംകെയ്ക്ക് 133 എംഎല്‍എമാരും കോണ്‍ഗ്രസിന് 17 എംഎല്‍എമാരും വിസികെയ്ക്ക് 4 എംഎല്‍എമാരും സിപിഐയ്ക്കും സിപിഎമ്മിനും രണ്ട് വീതം എംഎല്‍എമാരും ഉള്‍പ്പെടുന്നു. മറുവശത്ത് എന്‍ഡിഎയുടെ ഭാഗമായ അണ്ണാഡിഎംകെയ്ക്ക് 66 എംഎല്‍എമാരും ബിജെപിക്ക് നാല് പേരും പിഎംകെയ്ക്ക് അഞ്ച് എംഎല്‍എമാരുമുള്‍പ്പെടെ 75 എംഎല്‍എമാരുണ്ട്.
വിജയിയായി പ്രഖ്യാപിക്കുന്നതിന് ഓരോ സ്ഥാനാര്‍ഥിക്കും കുറഞ്ഞത് 34 വോട്ടുകള്‍ ആവശ്യമാണ്. 158 എംഎല്‍എമാരുള്ള ഇന്‍ഡി സഖ്യത്തിന് നാല് രാജ്യസഭാ സീറ്റുകള്‍ പ്രയാസം കൂടാതെ ലഭിക്കുമെന്നാണ് കരുതുന്നത്. മറുവശത്ത് 75 എംഎല്‍എമാരുള്ള എന്‍ഡിഎ രണ്ട് സീറ്റുകള്‍ നേടാനും സാധ്യതയുണ്ട്.
ആസാമില്‍ ബിജെപിയെ അസ്വസ്ഥമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിലുള്ള സസ്‌പെന്‍സാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് രസകരമാക്കുന്നത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് താളം തെറ്റിയിരുന്ന ബിജെപി- അണ്ണാഡിഎംകെ കൂട്ടുകെട്ട് അടുത്തിടെ തമിഴ്‌നാട്ടില്‍ വീണ്ടും സഖ്യം പ്രഖ്യാപിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം കെ അണ്ണാമല രാജിവെച്ചിരുന്നു. അതിന് പ്രത്യുപകാരമായി തങ്ങളുടെ രാജ്യസഭാ സീറ്റ് അണ്ണാഡിഎംകെ ബിജെപിക്ക് വിട്ടുനല്‍കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മെയ്യം(എംഎൻഎം) തീരുമാനിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എംഎന്‍എം ഇന്‍ഡി സഖ്യത്തില്‍ ചേര്‍ന്നെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. അതിനാല്‍ രാജ്യസഭയിലേക്ക് തങ്ങള്‍ക്ക് ഒരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.