തമിഴ്നാട്ടിൽ ബിജെപി 1 മുതൽ 3 വരെ സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടുന്ന ഇൻഡി സഖ്യം 36 മുതൽ 39 വരെ സീറ്റുകൾ നേടുമെന്നും ഫലം പ്രവചിക്കുന്നു. പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 2 സീറ്റുവരെ ലഭിക്കാനുള്ള സാധ്യതയാണ് എക്സിറ്റ് പോള്‍ ഫലം മുന്നോട്ടുവക്കുന്നത്.
“തമിഴ്‌നാട് പോലുള്ള ഒരു സംസ്ഥാനത്തിന് ഇത് ഒരു തുടക്കം മാത്രമാണ്, ഇത് ആദ്യ ദിശയിലേക്കുള്ള ചുവടുവെപ്പാണ്. ബിജെപിക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് നിങ്ങൾ പറഞ്ഞ ഒരു സംസ്ഥാനം, ഇന്നലെ വരെ എഐഎഡിഎംകെയും ഡിഎംകെയും ഞങ്ങൾ നോട്ട പാർട്ടിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നു... ഇന്ന് ഞങ്ങളുടെ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളിലാണെന്ന് ഞങ്ങൾ തെളിയിച്ചിരിക്കുന്നു. ജൂൺ 4 ന്, ഞങ്ങൾ അക്കൗണ്ട് തുറക്കാൻ പോകുകയാണെന്നും സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് എൻഡിഎയ്ക്കും ബിജെപിക്കും വേണ്ടി തമിഴ്‌നാട്ടിൽ നിന്ന് എംപിമാരെ അയയ്‌ക്കുമെന്നും ഞങ്ങൾ തെളിയിക്കും…തമിഴ്‌നാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പം നിൽക്കും” - ലോക്‌സഭാ എക്സിറ്റ് പോൾ റിപ്പോർട്ടുകളോട് പ്രതികരിച്ച് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ പറഞ്ഞു,
advertisement
ദ്രാവിഡ പാർട്ടികളുടെ ആധിപത്യമുള്ള തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് മണ്ഡലത്തിലേക്ക് കാവി രാഷ്ട്രീയവുമായി ഉദിച്ചുയർന്ന രാഷ്ട്രീയ നേതാവാണ് കെ അണ്ണാമലൈ. അദ്ദേഹത്തിന് കീഴിൽ ബിജെപി ഉയിർത്തെഴുന്നേൽക്കുന്നു എന്നുതന്നെയാണ് പ്രവചനങ്ങൾ. 'എൻ മണ്ണ്, എൻ മക്കൾ' എന്ന മുദ്രാവാക്യവുമായി അണ്ണാമലൈയുടെ നേതൃത്വത്തിൽ ഏഴുമാസം നീണ്ട പദയാത്രയാണ് തമിഴ്നാട്ടില്‍ ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നത്.
പല പൊതു വിഷയങ്ങളിലും ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരായ അദ്ദേഹത്തിന്റെ രൂക്ഷമായ വിമർശനം, ഉറച്ചതും ആക്രമണാത്മകവുമായ സ്വഭാവം, ജനങ്ങളോടുള്ള സൗഹാർദ്ദപരമായ സമീപനം എന്നിവ അണ്ണാമലൈയെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ബദൽ തേടുന്നവർക്ക് കൂടുതൽ പ്രിയങ്കരനാക്കിയതായി രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
പടിഞ്ഞാറൻ തമിഴ്‌നാടിന്റെ കേന്ദ്രമായ കോയമ്പത്തൂർ, ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ്. ഡിഎംകെയും എഐഎഡിഎംകെയുമാണ് പ്രധാന എതിരാളികൾ. തമിഴ് ദേശീയത ഉയർത്തിക്കാട്ടുന്ന നാം തമിഴർ പാർട്ടിയും ശക്തമായി രംഗത്തുണ്ട്. ചതുഷ്കോണ മത്സരമാണ് കോയമ്പത്തൂരിൽ ഇത്തവണ.
നിലവിലെ എംപിയായ സിപിഎമ്മിലെ പി ആർ നടരാജന് ഭരണവിരുദ്ധതയും ഘടകകക്ഷികളുമായുള്ള ഭിന്നത അടക്കമുള്ള ആരോപണവും നേരിടുന്നുണ്ട്. മത്സരിക്കാനുള്ള ഡിഎംകെയുടെ തീരുമാനം എഐഎഡിഎംകെ, ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കും. എന്നിരുന്നാലും, ബിജെപിക്കും എഐഎഡിഎംകെയ്ക്കും ശക്തമായ അടിത്തറ മണ്ഡലത്തിലുണ്ട്.
'ദ്രാവിഡ രാഷ്ട്രീയം' ഇനി തമിഴ്‌നാട്ടിൽ ആവശ്യമില്ലെന്നും താൻ തമിഴ് ജനതയുടെ മകനും ഇളയ സഹോദരനുമാണെന്നുമാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അണ്ണാമലൈ സ്വയം വിശേഷിപ്പിച്ചത്.