1989 നവംബർ ഒമ്പതിന് ജനിച്ച തേജസ്വി യാദവായിരുന്നു രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിപക്ഷനേതാവും ഉപമുഖ്യമന്ത്രിയും. എന്നാൽ ഈ തെരഞ്ഞെടുപ്പ് വിജയം അദ്ദേഹത്തെ അനുപമമമായ നേട്ടത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക. നിലവിലെ കണക്ക് പ്രകാരം അസം ഗണപരിഷത്ത് നേതാവ് പ്രഫുല്ല കുമാർ മൊഹന്തോയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. 1985ൽ 33-ാം വയസിലാണ് പ്രഫുല്ല കുമാർ മുഖ്യമന്ത്രിയായത്. ഈ റെക്കോർഡ് തിരുത്താനുള്ള അവസരമാണ് തേജസ്വി യാദവിന് കൈവരുന്നത്. അത് യാഥാർഥ്യമാകുമോയെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്.
advertisement
ക്രിക്കറ്റിൽനിന്ന് വിട പറഞ്ഞാണ് തേജസ്വി യാദവ് രാഷ്ട്രീയത്തിൽ ഇന്നിംഗ്സ് തുറന്നത്. രഞ്ജി ട്രോഫിയിൽ ഒരു മത്സരത്തിലും മറ്റൊരു ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ മത്സരത്തിലും തേജസ്വി യാദവ് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ നാലു സീസണുകലിൽ ഡൽഹി ഡെയർഡെവിൾസിനൊപ്പം തേജസ്വി യാദവ് ഉണ്ടായിരുന്നു മിഡിൽ ഓർഡർ ബാറ്റ്സ്മാനായിരുന്ന തേജസ്വി, പക്ഷേ രാഷ്ട്രീയത്തിൽ ഓപ്പണറുടെ റോളാണ് ഇതുവരെ വഹിച്ചത്. ഇപ്പോൾ മുതൽ ക്യാപ്റ്റന്‍റെയും.
2015ലാണ് രാഷ്ട്രീയത്തിലേക്ക് ശരിക്കുമൊരു മുന്നണി പോരാളിയായി തേജസ്വി ബാറ്റു വീശി തുടങ്ങിയത്. 2015ൽ നിതീഷ്-ലാലു മഹാ സഖ്യത്തിനുവേണ്ടി പിതാവ് ലാലു പ്രസാദ് യാദവിന്‍റെയും മാതാവ് റാബ്രി ദേവിയുടെയും പരമ്പരാഗത സീറ്റായ വൈശാലി ജില്ലയിലെ രാഘോപൂരിൽനിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ബീഹാറിന്‍റെ മുഖ്യമന്ത്രിയായും തേജസ്വി യാദവ് മാറി.
രാഷ്ട്രീയത്തിൽ സജീവായി വർഷങ്ങൾ കഴിഞ്ഞെങ്കിലും വിവാദങ്ങൾ എന്നും തേജസ്വി യാദവിന്‍റെ കൂടപ്പിറപ്പായിരുന്നു. ലാലുവിന്‍റെ പിൻഗാമി ആരാണെന്നതിനെ ചൊല്ലി വീട്ടിലും സർക്കാരിലും തർക്കം രൂക്ഷമായപ്പോൾ ലാലു പോലും മൌനം പാലിച്ചു. എന്നാൽ മൂത്ത സഹോദരൻ തേജ് പ്രതാപിനെ മറികടന്ന് തേജസ്വി ആർജെഡിയുടെ നേതാവായി, ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥിയും. 2017ൽ കാലിത്തീറ്റ കേസിൽ ജയിലിൽ പോകുന്നതിന് മുമ്പാണ് ലാലു പ്രസാദ് യാദവ്, തേജസ്വി യാദവിനെ നേതാവായി പ്രഖ്യാപിച്ചത്. ഇടയ്ക്ക് ചാർട്ടേർഡ് വിമാനത്തിൽവെച്ച് ജന്മദിനം ആഘോഷിച്ചതും തേജസ്വി യാദവിനെ വിവാദത്തിൽ എത്തിച്ചിരുന്നു.
എന്നാൽ പുതിയൊരു ഭാവത്തോടെ ഇരുത്തംവന്ന ഒരു നേതാവിനെയാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തോടെ തേജസ്വിയിൽ കാണാനായത്. ലാലു പ്രസാദിനെ അപേക്ഷിച്ചു, സംയമന ശൈലിയാണ് തേജസ്വിയെ കൂടുതൽ ശ്രദ്ധേയനാക്കിയത്. സാധാരണക്കാരുമായും താഴേത്തട്ടിലുള്ള പ്രവർത്തകരുമായും അടുത്തിടപഴകുന്ന രീതിയാണ് തേജസ്വി യാദവിന്‍റേത്. പ്രചാരണത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് തേജസ്വി ഉയർത്തിയത്. തുടക്കത്തിൽ തേജസ്വിയുടെ നേതൃത്വം അംഗീകരിക്കാതിരുന്ന സഖ്യകക്ഷികളുടെ പിന്തുണ ആർജിക്കാനും വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് തേജസ്വിക്ക് സാധിച്ചു. ബീഹാറിൽ ജനവിധി പുറത്തുവരുന്നതോടെ തേജസ്വി യാദവ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകുമോയെന്ന് ഉറ്റുനോക്കുകയാണ് അദ്ദേഹത്തിന്‍റെ അനുയായികളും രാഷ്ട്രീയ നിരീക്ഷകരും.