കാനഡയിൽ നിന്ന് കൊറിയർ വഴി ഒരു കുറിപ്പ് അയച്ചുകൊണ്ട് ഭർത്താവ് മുത്തലാഖ് നൽകിയെന്ന് യുവതിയുടെ പരാതി. ഹാരാഷ്ട്രയിൽ നിന്നുള്ള ഒരു മുസ്ലീം യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, നാസിക്കിലെ മുംബൈ നാക പോലീസ് ഭർത്താവിനും ഇയാളുടെ മാതാപിതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
advertisement
ഒരു മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് യുവതി പ്രതിയെ പരിചയപ്പെട്ടതെന്നും 2022 ജനുവരി 24 ന് ഇരുവരും വിവാഹിതരായെന്നും പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞതിനുശേഷം, കാനഡയിലും ബീഹാറിലുമുള്ള ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയതായി പരാതിക്കാരി ആരോപിക്കുന്നു
പുതിയൊരു ബിസിനസ്സ് തുടങ്ങുന്നതിനായി തന്റെ മാതാപിതാക്കളുടെ അടുത്തു നിന്ന് പണം കൊണ്ടുവരാത്തതിന് തന്നെ അപമാനിക്കുകയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. വിവാഹസമയത്ത് ലഭിച്ച സ്വർണ്ണാഭരണങ്ങൾ ഭർത്താവും ഭർതൃവീട്ടുകാരും ബലമായി പിടിച്ചെടുത്തതായും പിന്നീട് വീട്ടിൽ നിന്ന് പുറത്താക്കിയതായും യുവതി പരാതിയിൽ പറയുന്നു.
ഭർത്താവ് "തലാഖ് തലാഖ് തലാഖ്" എന്നെഴുതിയ ഒരു കുറിപ്പ് കാനഡയിൽ നിന്ന് യുവതിയ്ക്ക് അയയ്ക്കുകയായിരുന്നു. തുടർന്ന്, സ്ത്രീ വനിതാ സുരക്ഷാ സെല്ലിനെ സമീപിക്കുകയും പിന്നീട് ഔദ്യോഗികമായി പോലീസിൽ പരാതി നൽകുകയും ചെയ്തു. യുവതിയുടെ പരാതിയിൽ പോലീസ് ഭർത്താവിനെതിരെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമത്തിലെ സെക്ഷൻ 4 പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 85 പ്രകാരവും കേസെടുത്തു.
മുത്തലാഖ് നിയമപരമാണോ?
തലാഖ്-ഇ-ബിദ്ദത്ത് അഥവാ ട്രിപ്പിൾ തലാഖ് എന്നത് ഇസ്ലാമിൽ മുമ്പ് അനുഷ്ഠിച്ചിരുന്ന ഒരു വിവാഹമോചന രീതിയാണ്. ഈ രീതിയിൽ ഒരു മുസ്ലീം പുരുഷന് "തലാഖ്" എന്ന വാക്ക് മൂന്ന് തവണ പറഞ്ഞുകൊണ്ട് ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയും. വിവാഹമോചനത്തിന് പുരുഷൻ ഒരു കാരണവും ചൂണ്ടിക്കാണിക്കേണ്ടതില്ല. തലാഖ് ചൊല്ലുന്ന സമയത്ത് ഭാര്യ അവിടെ ഉണ്ടായിരിക്കണമെന്നുമില്ല.
എന്നാൽ, 2019 ൽ പാർലമെന്റ് മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) ബിൽ, 2019 പാസാക്കിയതോടെ മൂന്ന് തവണ തലാഖ് ചൊല്ലിയുള്ള തൽക്ഷണ വിവാഹമോചനം അസാധുവും നിയമവിരുദ്ധവുമായി. നിയമപ്രകാരം, തൽക്ഷണം മുത്തലാഖ് ചൊല്ലുന്ന ഭർത്താവിന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം. ഈ നിയമം ഇരയായ മുസ്ലീം സ്ത്രീക്ക്, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണ അവകാശവും ഭർത്താവ് നൽകുന്ന ഉപജീവന അലവൻസും ഉറപ്പാക്കുന്നു.
