ന്യൂഡൽഹി അതിർത്തി മേഖലയായ തിക്രിയില്‍ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഇരുപതംഗ സ്ത്രീ സംഘമാണ് കവർ പേജിൽ. പ്രതിഷേധത്തിൽ ഭാഗമാകരുതെന്നും വീടുകളിലേക്ക് മടങ്ങിപ്പോകണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടും കഴിഞ്ഞ ഒരുമാസത്തോളമായി ഇവിടെ മുൻപന്തിയിൽ നിന്നു തന്നെ പ്രതിഷേധം തുടരുന്ന സ്ത്രീകളെക്കുറിച്ചാണ് ലേഖനത്തിൽ പറയുന്നത്.
Also Read-Explained: മാർപ്പാപ്പയുടെ ഇറാഖ് സന്ദർശനം ഇന്ന് ആരംഭിക്കും; ചരിത്ര യാത്രയ്ക്ക് പിന്നിലെന്ത്?
'എന്നെ ഭയപ്പെടുത്താൻ കഴിയില്ല വിലയ്ക്കെടുക്കാനും കഴിയില്ല' എന്ന ലേഖനത്തിൽ പ്രതിഷേധം മതിയാക്കി മടങ്ങിപ്പോകണമെന്ന് സർക്കാരും സുപ്രീം കോടതിയും നിർദേശിച്ചിട്ടും അതിന് വഴങ്ങാതെ തങ്ങളുടെ ആവശ്യത്തിൽ തന്നെ ഉറച്ചു നിന്ന് സമരം തുടരുന്ന പ്രതിഷേധക്കാരുടെ കഥയാണ് പറയുന്നത്. പഞ്ചാബ്,ഹരിയാന. ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകള്‍ ഈ പ്രതിഷേധത്തിൽ പങ്കാളികളാണ്.
advertisement
കോടതിയുടെ നിർദേശത്തിൽ അസ്വസ്ഥരാണെന്ന് പറയുന്ന സ്ത്രീകൾ എന്നാൽ പ്രക്ഷോഭത്തിൽ തുല്യപങ്കാളികല്ലെന്നാണ് സമരക്കാരുടെ വാക്കുകളെ ഉദ്ധരിച്ച് ലേഖനത്തിൽ പരാമർശിക്കുന്നത്. പ്രതിഷേധ സ്ഥലങ്ങളിൽ പാചകം ചെയ്യലും ശുചീകരണവും അടക്കമുള്ള സേവനങ്ങൾ നൽകുന്ന പരിചരണ ജോലികളാണ് കൂടുതലും ചെയ്യുന്നതെന്നാണ് ഇവർ പറയുന്നത്.
'ഞങ്ങളെന്തിന് മടങ്ങിപ്പോകണം? ഇത് പുരുഷന്മാരുടെ മാത്രം പ്രതിഷേധമല്ല. വയലുകളിൽ ഞങ്ങളും അവർക്കൊപ്പം പണിയെടുക്കുന്നുണ്ട്. കർഷകർ അല്ലെങ്കിൽ പിന്നെ ഞങ്ങൾ ആരാണ്? യുപിയിലെ രാംപുരിൽ നിന്നും പ്രതിഷേധത്തിൽ പങ്കാളിയായ ജസ്ബിർ കൗർ എന്ന 74 കാരി ചോദിക്കുന്നു. കേരളത്തിൽ നിന്നുള്ള ദളിത്- വുമൺ റൈറ്റ്സ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും കവർ സ്റ്റോറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 'കർഷകരെ പിന്തുണയ്ക്കുന്നതിനായാണ് ഞാനിവിടെ എത്തിയത്. എന്നാൽ ജാതി-ലിംഗ വിവേചനത്തിനതീതമായ ഒരു ഇന്ത്യയാണ് ഇവിടെ കാണാൻ കഴിഞ്ഞത്. പ്രതിഷേധത്തിനപ്പുറവും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു ബിന്ദുവിന്‍റെ വാക്കുകൾ.
ഓക്സ്ഫാം ഇന്ത്യയുടെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 85% ഗ്രാമീണ സ്ത്രീകളും കൃഷിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരാണ്. ഇതിൽ 13% ആളുകൾ മാത്രമാണ് സ്വന്തമായി ഭൂമി ഉള്ളവരെന്നും പറയുന്നു.