വിദേശ അതിഥികൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ നഗ്നരായി എത്തിയതിനെ പരിഹസിച്ച അദ്ദേഹം, കോൺഗ്രസ് ഇപ്പോൾത്തന്നെ ജനങ്ങൾക്ക് മുന്നിൽ നഗ്നരാണെന്നും പിന്നെ എന്തിനാണ് വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിച്ചതെന്നും ചോദിച്ചു. ഉത്തർപ്രദേശിലെ മീററ്റിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയാണ് ഇന്ത്യയിൽ നടന്നതെന്നും എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ആശയപരമായി എത്രത്തോളം തകർന്നു എന്നതിന്റെ തെളിവാണ് സ്വന്തം രാജ്യത്തെ അപമാനിക്കുന്ന ഇത്തരം പ്രവൃത്തികളെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് തന്നോട് വെറുപ്പാണെന്നും അവർ തന്റെ ശവക്കുഴി തോണ്ടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അവർക്ക് തന്റെ അമ്മയെപ്പോലും അപമാനിക്കാൻ മടിയില്ല. ബിജെപിയെയും എൻഡിഎയെയും അവർ എതിർക്കുന്നത് മനസ്സിലാക്കാം, എന്നാൽ ആഗോള എഐ ഉച്ചകോടി ഒരു ബിജെപി പരിപാടിയല്ലെന്നും അത് രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും കോൺഗ്രസ് ഓർക്കണമായിരുന്നു എന്ന് മോദി വ്യക്തമാക്കി.
advertisement
കഴിഞ്ഞ ദിവസം കോൺഗ്രസ് എല്ലാ പരിധികളും ലംഘിച്ചുവെന്നും രാജ്യം മുഴുവൻ ഈ പെരുമാറ്റത്തെ അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പഴയൊരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ലജ്ജിക്കുന്നതിന് പകരം ഈ പ്രവൃത്തിയെ നാണമില്ലാതെ ന്യായീകരിക്കുന്നത് നിർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
