എബി ഡിവില്ലിയേഴ്സിന്റെ പോരാട്ടമാണ് ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 42 പന്തില്‍ പുറത്താവാതെ നേടിയ 75 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന്, ബൗളിംഗിന് ഇറങ്ങിയ ബാംഗ്ലൂര്‍ ഡല്‍ഹിയെ ഒരു റണ്ണിനാണ് തോല്‍പ്പിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ ഡല്‍ഹിക്ക് 16 റണ്‍സ് വേണമെന്നിരിക്കെ സിറാജിന്റെ ഓവറില്‍ ഡല്‍ഹിക്ക് 15 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 172 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ അവരുടെ സ്‌കോര്‍ 170 റണ്‍സില്‍ അവസാനിച്ചു.
advertisement
മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച എബി ഡിവില്ലിയേഴ്‌സ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. താരം അതിനോടൊപ്പം ഒരു വമ്പന്‍ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഐപിഎല്ലില്‍ വേഗത്തില്‍ 5000 റണ്‍സ് തിക്കക്കുന്ന മൂന്നാമത്തെ താരം എന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്.
ഐപിഎല്ലില്‍ 5000 റണ്‍സ് ഏറ്റവും വേഗത്തില്‍ സ്വന്തമാക്കിയ നേട്ടം സണ്‍റൈസേഴസ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ പേരിലാണ്. 135 ഇന്നിംഗ്‌സുകളില്‍ നിന്നാണ് വാര്‍ണര്‍ ഈ നേട്ടം സ്വന്തമാക്കിയത്. എബിഡി 161 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് 5000 റണ്‍സില്‍ എത്തിയത്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് എബിഡിയുടെ തന്നെ ടീമിലെ കളിക്കാരനും ക്യാപ്റ്റനുമായ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. 157 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്.
ഡിവില്ലിയേഴ്‌സ് 5000 റണ്‍ നേട്ടത്തില്‍ എത്തുന്ന രണ്ടാമത്തെ മാത്രം വിദേശ കളിക്കാരനാണ്. ഇതുവരെ 5000 റണ്‍ ക്ലബില്‍ വാര്‍ണര്‍ മാത്രമായിരുന്നു വിദേശ താരമായി ഉണ്ടായിരുന്നത്.
ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് നേടുന്ന മൂന്നാമത്തെ കളിക്കാരന്‍ എന്ന നേട്ടത്തിനൊപ്പം പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികക്കുന്ന ആദ്യത്തെ കളിക്കാരന്‍ എന്ന നേട്ടവും കൂടി എബിഡി സ്വന്തം പേരിലേക്ക് ചേര്‍ത്തു. 3288 പന്തുകളില്‍ നിന്നാണ് ഡിവില്ലിയേഴ്സ് 5000 പൂര്‍ത്തിയാക്കിയത്. ഇക്കാര്യത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് ഡിവില്ലിയേഴ്സ് മറികടന്നത്. 3554 പന്തിലായിരുന്നു വാര്‍ണര്‍ 5000 ക്ലബിലെത്തിയിരുന്നത്.
ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്നയാണ് മൂന്നാമത്. 3620 പന്തില്‍ നിന്ന് റെയ്‌ന ഈ നേട്ടം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്താണ്. 3817 പന്തുകള്‍ വേണ്ടി വന്നു രോഹിത്തിന് 5000 ക്ലബിലെത്താന്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാമതുണ്ട്. രോഹിത് നേരിട്ടതിനേക്കാളും പത്ത് പന്തുകള്‍ ഏറെ വേണ്ടിവന്നു കോലിക്ക് 5000ത്തിലെത്താന്‍.
