ഐ പി എല്ലില്‍ അവസാന രണ്ട് സീസണ്‍ പിന്നിലോട്ട് നോക്കിയാല്‍ ബോളര്‍മാരുടെ പേടി സ്വപ്നമായിരുന്നു വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍. എന്നാല്‍ നിലവില്‍ കൊല്‍ത്തയ്ക്കായി മോശം ഫോമിലാണ് താരം. ടീമിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരത്തിന്റെ അവസ്ഥയില്‍ അരാധകര്‍ നിരാശരാണ്. ഡെത്ത് ഓവറില്‍ റണ്‍സ് ഉയര്‍ത്തേണ്ട ഉത്തരവാദിത്തമുള്ള റസല്‍ പ്രതിരോധ ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ജയിക്കാന്‍ 12 പന്തില്‍ 40ന് മുകളില്‍ റണ്‍സ് വേണ്ടപ്പോള്‍ സിറാജ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് റസല്‍ നേടിയത്. മുംബൈക്കെതിരായ മത്സരത്തില്‍ റസല്‍ വരുമ്പോള്‍ ടീമിന് ജയിക്കാന്‍ 27 പന്തില്‍ 30 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. എന്നിട്ടും ടീം തോല്‍വി ഏറ്റുവാങ്ങി. മുംബൈ ഇന്ത്യന്‍സിനെതിരേ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയെങ്കിലും ആര്‍ സി ബിക്കെതിരേ നന്നായി തല്ലുവാങ്ങിയിരുന്നു.
advertisement
ഇപ്പോള്‍ താരത്തിന്റെ ശരീരഘടനയെ വിമര്‍ശിച്ചു രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. 'റസലിനെപ്പോലൊരു സൂപ്പര്‍ താരത്തെ ടീമിന് ലഭിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാല്‍ അവന്റെ ശരീര ഘടന ശരിയല്ല. ഇതാണ് കെ കെ ആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ ശ്രദ്ധിക്കേണ്ടത്. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അവന്‍ മഹാനാണ്. എന്നാല്‍ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അവശനായാണ് അവനെ കാണുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് റണ്‍സ് പോലും ഓടിയെടുക്കാനാവുന്നില്ല. ഇത് പരിഹരിക്കാന്‍ മക്കല്ലവും മോര്‍ഗനും ബുദ്ധിമുട്ടും'-മൈക്കല്‍ വോണ്‍ പറഞ്ഞു.
'ആധുനിക ക്രിക്കറ്റില്‍ 9 മുതല്‍ 10 താരങ്ങളെങ്കിലും ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കുന്നവരായി വേണം. എന്നാല്‍ കെ കെ ആറില്‍ നോക്കുക. അവരെ പ്രസരിപ്പോടെയല്ല കാണുന്നത്. റസല്‍ തന്റെ ശരീരംകൊണ്ട് പ്രയാസപ്പെടുന്നത് കാണുമ്പോള്‍ നിരാശ തോന്നുന്നു'- വോണ്‍ കൂട്ടിച്ചേര്‍ത്തു
