ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ടീമിന് വേണ്ടി ഫാഫ്- ഗെയ്ക്വാട് സഖ്യം ഗംഭീര തുടക്കമാണ് നല്‍കിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫോം കണ്ടെത്താന്‍ വിഷമിച്ച ഗെയ്ക്വാട് വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 13ആം ഓവറില്‍ ചെന്നൈ സ്‌കോര്‍ 115ല്‍ നില്‍ക്കുമ്പോഴാണ് ഓപ്പണിങ്ങ് കൂട്ടുകെട്ട് പിരിയുന്നത്. 42 പന്തില്‍ നിന്നും നാല് സിക്‌സും ആറ് ബൗണ്ടറികളും സഹിതം 64 റണ്‍സ് നേടിയ ഗെയ്ക്വാടാണ് പുറത്തായത്.
ഗെയ്ക്വാടിന് പകരമെത്തിയ മൊയീന്‍ അലി, ഡുപ്ലെസിക്ക് മികച്ച പിന്തുണ നല്‍കിക്കൊണ്ട് ക്രീസില്‍ നിന്നു. അപ്പോഴും ബൗളര്‍മാരുടെ ലൈനോ, ലെങ്‌ത്തോ ഒന്നു പിഴച്ചാല്‍ അതിര്‍ത്തി കടത്താനും അലി മറന്നില്ല. 12 ബോളില്‍ നിന്നും 25 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചാണ് അലി വീണത്. ആരാധകരെ അത്ഭുതപ്പെടുത്തി ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം എടുത്ത് ധോണിയാണ് പിന്നീട് ക്രീസിലെത്തിയത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മോര്‍ഗന്‍ 8 ബോളില്‍ നിന്നും 17 റണ്‍സെടുത്ത ധോണിയെ വീഴ്ത്തിയത്.
advertisement
മികച്ച ബൗളിംഗ് നിരയുമായി കളം നിറയുന്ന പ്രകടനമാണ് ചെന്നൈയുടേത്. ഏത് ചെറിയ ടോട്ടലിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ബൗളിങ് നിരയാണ് ചെന്നൈയുടേത്. പ്രധാനമായും സ്പിന്നിലൂന്നിയാണ് ചെന്നൈയുടെ മുന്നേറ്റം. മോയിന്‍ അലി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓള്‍റൗണ്ട് മികവ് കാട്ടുന്നതും ടീമിന് ഗുണം ചെയ്‌തേക്കും. കൂടാതെ ഡ്വയ്ന്‍ ബ്രാവോയ്ക്ക് പകരം ലുങ്കി എങ്കിടിയും ഇന്ന് ചെന്നൈ ബൗളിങ്ങിന് കരുത്ത് കൂട്ടാന്‍ എത്തുന്നുണ്ട്.
ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷം പിന്നീട് രണ്ട് മത്സരങ്ങളിലും ചെന്നൈ ആധികാരികമായി വിജയിച്ചിരുന്നു. ബാറ്റ്‌സ്മാന്മാരെല്ലാവരും മികച്ച ഫോമിലാണ്. കൊല്‍ക്കത്തയാവട്ടെ, ഇനിയും മികച്ച ലൈനപ്പ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്പിച്ച അവര്‍ പിന്നീട് രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു. മോര്‍ഗനും കാര്‍ത്തികും അടക്കമുള്ള മധ്യനിര ഫോം ആവാത്തതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടി ആയിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ ഷക്കിബ് അല്‍ ഹസനു പകരം സുനില്‍ നരേയ്‌നെ ടീമിലെത്തിച്ചത് ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
