ഐ പി എല്ലിലെ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും തമ്മിലുള്ള സൗഹൃദക്കാഴ്ചകള്‍ ആരാധകര്‍ക്ക് ഒട്ടും പുതുമയല്ല. വിദേശ താരങ്ങള്‍ ടീമുകള്‍ മാറി എതിര്‍ ടീമിനൊപ്പം കളിക്കേണ്ടി വരുമ്പോഴും പഴയ സഹകളിക്കാര്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ അവര്‍ കാത്തുസൂക്ഷിക്കാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് ഇന്നലെ മത്സരശേഷം അരങ്ങേറിയ രസകരമായ ഒരു സംഭവം. വൈകാതെ തന്നെ ഇത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറല്‍ ആവുകയും ചെയ്തു.
യൂണിവേഴ്‌സല്‍ ബോസായ സാക്ഷാല്‍ ക്രിസ് ഗെയ്ലിന്റെയും ബംഗ്ലൂര്‍ ടീമിലെ എല്ലാമെല്ലാമായ യുസ്വേന്ദ്ര ചഹലിന്റെയും സൗഹൃദപ്രകടനമാണ് ഇത്തരത്തില്‍ താരംഗമായത്. ചഹല്‍ ഇന്നലെ മത്സരശേഷം ക്രിസ് ഗെയ്ലിനൊപ്പം ജേഴ്‌സിയൂരി ചിത്രത്തിന് പോസ് ചെയ്തിരുന്നു. ചഹലിന്റെ ഇത്രയും ധൈര്യം എവിടെ നിന്ന് ലഭിച്ചെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ സഹതാരങ്ങളുടെ അഭിമുഖമെടുത്തും അവരെ ട്രോളിയും നടക്കുന്ന ആളാണ് ചഹല്‍. പഞ്ചാബില്‍ എത്തുന്നതിനു മുന്നേ ബാംഗ്ലൂരില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് ഇരുവരും. ഇരുവരുടെയും ചിത്രത്തിനു താഴെ അനേകം കമന്റുകളും ട്രോളുകളും വരുന്നുണ്ട്.
advertisement
ബാംഗ്ലൂരിനെതിരെ പതിയെ തുടങ്ങിയ പഞ്ചാബിന് തുടക്കത്തിലേ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഗെയിലിന്റെയും രാഹുലിന്റെയും രണ്ടാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ് അവരെ വലിയ സ്‌കോറില്‍ എത്തിച്ചു. 24 പന്തില്‍ നിന്നും 46 റണ്‍സ് നേടിയാണ് ഗെയില്‍ പുറത്തായത്. ഗെയില്‍ എത്തിയത്തോടെയാണ് പഞ്ചാബിന്റെ സ്‌കോറിങ് വേഗത കൂടിയത്. ജാമിസണ്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ അഞ്ചു ബൗണ്ടറികളാണ് ഗെയില്‍ നേടിയത്.
അതേ സമയം അവസാന സീസണില്‍ പഞ്ചാബില്‍ നിറം മങ്ങിയ മാക്‌സ്വെല്ലിനെ ഇത്തവണ ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങാണ് മാക്‌സ്വെല്‍ ഇത്തവണ പുറത്തെടുക്കുന്നത്. എന്നാല്‍ പഞ്ചാബിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ മാക്‌സ്വെല്‍ കൂടാരം കയറിയിരുന്നു. ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത രാഹുല്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. നാലോവറില്‍ 17 റണ്‍സ് വിട്ട്‌കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ സ്പിന്നര്‍ രവി ബിഷ്‌ണോയിയുടെ പ്രകടനവും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി.