ഹൈദരാബാദിന്റെ തോല്‍വികള്‍ക്ക് പിന്നിലെ പ്രധാന കാരണം മനീഷ് പാണ്ഡെയുടെ മോശം പ്രകടനമാണെന്നാണ് ആരാധകരുടെ വിമര്‍ശനം. ഈയിടെ മുന്‍ ഇന്ത്യന്‍ താരം ആഷിഷ് നെഹ്രയും ഇതേ വാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മനീഷ് പാണ്ഡെയെ പുറത്തിരുത്തി കേദാര്‍ ജാദവിന് അവസരം നല്‍കണമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ.
'ഇപ്പോഴത്തെ ടീമില്‍ കേദാര്‍ ജാദവിനെപ്പോലെ ഒരു താരമുള്ളത് നല്ലതാണ്. സണ്‍റൈസേഴ്സിന്റെ ഇപ്പോഴത്തെ മധ്യനിര നോക്കൂ. ഓപ്പണിങ്ങില്‍ ബെയര്‍സ്റ്റോയും വാര്‍ണറും നടത്തുന്ന കഠിനാധ്വാനം തുടര്‍ന്നുകൊണ്ടുപോകാന്‍ അവര്‍ക്കാകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മനീഷ് പാണ്ഡെയെ അടുത്ത കുറച്ചുകളികളില്‍ കളിപ്പിക്കാതെ വിശ്രമം അനുവദിക്കുന്നത് നന്നായിരിക്കും. ടീമിന് ചെന്നൈയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ജാദവിനെ തീര്‍ച്ചയായും ആശ്രയിക്കാം. അവിടെ കളിച്ച് പരിചയമുള്ള താരമാണ് ജാദവ്. മാത്രമല്ല, ബാറ്റിങ്ങിന് കുറച്ചുകൂടി സ്ഥിരത നല്‍കാനും ഓഫ് സ്പിന്നുമായി ടീമിനെ സഹായിക്കാനും ജാദവിനു കഴിയും'- ഓജ പറഞ്ഞു.
advertisement
ഒരു കാലത്ത് ഐ പി എല്ലിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച താരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെ. ഈ സീസണില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളതെങ്കിലും മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ പറ്റുന്ന പ്രകടനങ്ങള്‍ താരത്തിന് നടത്താന്‍ കഴിയുന്നില്ല. മാത്രമല്ല താരത്തിന്റെ സാന്നിധ്യം ഹൈദരാബാദിന്റെ വിജയത്തിനെ മോശമായി ബാധിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.
സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും 30ലേറെ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞുവെങ്കിലും ടീമിന്റെ പരാജയത്തിലേക്കാണ് അത് ഉപകരിച്ചത്. 2018 മുതലുള്ള നാല് ഐപിഎല്‍ സീസണുകളില്‍ 14 തവണ താരം 30ല്‍ അധികം പന്തുകള്‍ നേരിട്ടപ്പോള്‍ 11 തവണയും ടീം പരാജയപ്പെട്ടുവെന്നത് അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.
