മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് രണ്ടാം ഓവറില്‍ ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായെ നഷ്ടമായി. അതിനുശേഷം ക്രീസില്‍ ഒരുമിച്ച ധവാനും സ്മിത്തും ചേര്‍ന്ന് ടീം സ്‌കോര്‍ പതിയെ ഉയര്‍ത്തി. ടീം സ്‌കോര്‍ 64ല്‍ എത്തിയപ്പോള്‍ 33 റണ്‍സെടുത്ത സ്മിത്തിനെ പൊള്ളാര്‍ഡ് വീഴ്ത്തി. പിന്നീടെത്തിയ ലളിത് യാദവ്, ധവാനോടൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും പതിനഞ്ചാം ഓവറില്‍ രാഹുല്‍ ചഹര്‍ ധവാനെ പുറത്താക്കിക്കൊണ്ട് ഈ കൂട്ടുകെട്ട് തകര്‍ത്തു. 45 റണ്‍സെടുത്താണ് ധവാന്‍ പുറത്തായത്. ഏഴ് റണ്‍സ് നേടിയ നായകന്‍ പന്തിനും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. പുറത്താകാതെ 25 പന്തില്‍ 22 റണ്‍സ് നേടിയ ലളിത് യാദവിന്റെ പ്രകടനമാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്.
advertisement
കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ഇത്തവണയും മുംബൈ ബൗളര്‍മാര്‍ എതിര്‍ ടീമിലെ ബാറ്റ്സ്മാന്മാരെ ശെരിക്കും വരിഞ്ഞു മുറുക്കിയിരുന്നു. റണ്‍സ് വഴങ്ങുന്നതില്‍ ബൗളര്‍മാരെല്ലാം നന്നേ പിശുക്ക് കാണിച്ചു. ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് കൊണ്ട് അവസാന ഓവര്‍ വരെ മത്സരമെത്തിക്കാന്‍ മുംബൈക്ക് കഴിഞ്ഞു. പൊള്ളാര്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 5 റണ്‍സ് വേണമായിരുന്നു. ആദ്യ പന്ത് നേരിട്ട ഹെട്‌മേയര്‍ ബൗണ്ടറി കടത്തി. പൊള്ളാര്‍ഡ് എറിഞ്ഞ രണ്ടാം ബോള്‍ അമ്പയര്‍ നോ ബോള്‍ വിധിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ബൗളര്‍മാരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ രണ്ടക്കം തികയ്ക്കുമ്പോഴേക്കും ഓപ്പണര്‍ ഡീ കോക്കിന്റെ വിക്കറ്റ് മുംബൈക്ക് നഷ്ടമായി. ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനോടൊപ്പം നായകന്‍ രോഹിത് ശര്‍മ മികച്ച റണ്‍ റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഏഴാം ഓവറിലെ അവസാന പന്തില്‍ ഈ കൂട്ടുകെട്ട് തകര്‍ന്നു.
ഒമ്പതാം ഓവര്‍ എറിഞ്ഞ അമിത് മിശ്ര രണ്ട് വമ്പന്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. 30 പന്തില്‍ 44 റണ്‍സെടുത്ത രോഹിത് ശര്‍മയെയാണ് മിശ്ര ആദ്യം വീഴ്ത്തിയത്. ശേഷം ക്രീസിലെത്തിയ ഹാര്‍ദിക് നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍സൊന്നും നേടാതെ പുറത്താവുകയായിരുന്നു. മത്സരത്തില്‍ പൊള്ളാര്‍ഡിനേയും ഇഷാന്‍ കിഷനെയും കൃത്യമായ ഇടവേളകളില്‍ കൂടാരം കയറ്റിയതും മിശ്ര ആയിരുന്നു.
