ഡല്‍ഹിക്ക് വേണ്ടി ഓപ്പണര്‍മാരായ ശിഖാര്‍ ധവാനും പൃഥ്വി ഷായും ഗംഭീര തുടക്കമാണ് നല്‍കിയത്. രണ്ടു പേരും പവര്‍ പ്ലേ ഓവറുകള്‍ ശെരിക്കും മുതലാക്കിയിരുന്നു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ടീം സ്‌കോര്‍ 59ല്‍ എത്തിയപ്പോള്‍ അര്‍ഷദീപ് സിങ് പൃഥ്വി ഷായെ ക്രിസ് ഗെയിലിന്റെ കൈകളില്‍ എത്തിച്ചു. അതിനുശേഷം ക്രീസിലെത്തിയ ഡല്‍ഹി ടീമിലെ അരങ്ങേറ്റക്കാരന്‍ സ്റ്റീവ് സ്മിത്ത് നിരാശപ്പെടുത്തിയെങ്കിലും സ്‌കോര്‍ 107 എത്തും വരെ ധവാന് പിന്തുണ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 12 പന്തില്‍ 9 റണ്‍സാണ് സ്മിത്ത് നേടിയത്.
advertisement
പിന്നീട് ക്രീസിലെത്തിയ നായകന്‍ റിഷഭ് പന്തും ധവാന് പിന്തുണ നല്‍കുക തന്നെയാണ് ചെയ്തത്. ഒരറ്റത്ത് അപ്പോഴും ധവാന്‍ തകര്‍ത്തടിച്ചുകൊണ്ടേയിരുന്നു. ജൈ റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ സെഞ്ച്വറിക്ക് വെറും എട്ട് റണ്‍സ് അകലെയാണ് ധവാന്റെ കുറ്റി തെറിക്കുന്നത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ 13 ബോളിലെ 27 റണ്‍സ് പ്രകടനവും കളിയില്‍ വഴിത്തിരിവായി. പഞ്ചാബിന് വേണ്ടി ജൈ റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റുകള്‍ നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഉജ്ജ്വല തുടക്കമാണ് നല്‍കിയത്. ഇരുവരുടെയും അര്‍ദ്ധസെഞ്ച്വറിയുടെ മികവിലാണ് പഞ്ചാബ് ടീം ഉയര്‍ന്ന സ്‌കോറിലെത്തിയത്. മായങ്ക് 36 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ പിറന്നാളുകാരന്‍ രാഹുല്‍ 51 പന്തില്‍ 61 റണ്‍സ് നേടിയാണ് പുറത്തായത്.
വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ ക്രിസ് ഗെയിലിനും നിക്കോളാസ് പുരാനും സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവനകള്‍ ഒന്നും തന്നെ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അവസാന ഓവറുകളിലെ ദീപക് ഹൂഡയുടെയും ഷാരുഖ് ഖാന്റെയും ബാറ്റിങ് മികവിലാണ് പഞ്ചാബ് ടീം 195 റണ്‍സിലെത്തിയത്.
