ടൂര്‍ണമെന്റില്‍ സജീവമായി തുടരാനുള്ള ശ്രമത്തില്‍ കെകെആര്‍ നിര്‍ഭാഗ്യവശാല്‍ രണ്ട് റണ്‍സ് അകലെ വീണെങ്കിലും റിങ്കു സിംഗിന്റെ ഇന്നിംഗ്സ് ഏറെ പ്രശംസിക്കപ്പെട്ടു. കെകെആറിന് ജയിക്കാന്‍ രണ്ട് ബോളില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ അഞ്ചാം പന്തില്‍ റിങ്കു പുറത്താവുകയായിരുന്നു. എവിന്‍ ലൂയിസ് ഒരു മാസ്മരിക ക്യാച്ചിലൂടെയാണ് റിങ്കുവിനെ പുറത്താക്കിയത്. ഇത് കെകെആറിന്റെ വിജയ പ്രതീക്ഷയെ തകിടം മറിച്ചു.
എന്നാല്‍ മത്സരം പൂര്‍ത്തിയായതിനു പിന്നാലെ റിങ്കു സിങ് പുറത്തായ സ്റ്റോയ്‌നിസ്സിന്റെ അഞ്ചാം പന്ത് നോബോള്‍ ആയിരുന്നോ എന്ന ചോദ്യം ഉയര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകര്‍ രംഗത്തെത്തി. ആരോപണം സാധൂകരിക്കുന്ന വിധമുള്ള ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ചിലര്‍ പങ്കുവയ്ക്കുകയും ചെയ്തു.
advertisement
സ്റ്റോയ്‌നിസ് ബോള്‍ ചെയ്തത് ഫ്രണ്ട് ഫുട്ട് നോബോളാണെന്നു വ്യക്തമാണ് എന്നാണ് ഒട്ടേറെ ആരാധകരുടെ ആരോപണം. അതേ സമയം, മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തിലുണ്ടായ സംഭവത്തില്‍ ബൗളര്‍ വര മറികടന്നാണോ ബോള്‍ ചെയ്തതെന്നു പരിശോധിക്കാന്‍ പോലും കൂട്ടാക്കാത്ത അമ്പയറിങ്ങിനെ ചോദ്യം ചെയ്യുകയാണ് മറ്റുചിലര്‍.
ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിക്കും റിങ്കു സിംഗ് (15 പന്തില്‍ 40), സുനില്‍ നരെയ്ന്‍ (7 പന്തില്‍ 21*) എന്നിവരുടെ പോരാട്ടവീര്യത്തിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല. ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കൊല്‍ക്കത്ത ഐപിഎല്‍ നിന്നു പ്ലേ ഓഫ് കാണാതെ പുറത്തായി.