ഒരു ഐപിഎൽ സീസൺ തുടങ്ങി അവസാനിക്കുമ്പോൾ അതിൽ പല റെക്കോർഡുകൾ പിറക്കാറുണ്ട്. ചിലത് പുതിയ റെക്കോർഡുകൾ ആവും മറ്റു ചിലത് പഴയ റെക്കോർഡുകൾ തിരുത്തി കുറിക്കപ്പെട്ടതും. ഏതായാലും ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റില്‍ തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത അഞ്ച് റെക്കോർഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഒരു സീസണില്‍ കോഹ്‌ലിയുടെ നാല് സെഞ്ചുറി
2016 സീസണ്‍ വിരാട് കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണായിരുന്നു. ആര്‍സിബിക്ക് കിരീടം നേടികൊടുക്കാനായില്ലെങ്കിലും കോഹ്‌ലിയുടെ ബാറ്റിൻ്റെ ചൂട് എതിരാളികളെല്ലാം അറിഞ്ഞു. നാല് സെഞ്ചുറികളാണ് അദ്ദേഹം ആ സീസണില്‍ നേടിയത്. ഒരു സീസണില്‍ നാല് സെഞ്ചുറിയെന്ന നേട്ടം തിരുത്തുക അത്ര എളുപ്പമാവില്ല. ആക്രമണശൈലിയില്‍ തകര്‍ത്ത് കളിക്കുമ്പോള്‍ വിക്കറ്റ് പോവാതെ കാത്ത് മൂന്നക്കത്തിലേക്ക് എത്തുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. 16 ഇന്നിങ്‌സുകളിൽ നിന്ന് 973 റണ്‍സാണ് കോഹ്‌ലി 2016ല്‍ നേടിയത്. 81.08 ശരാശരിയും 152.03 സ്‌ട്രൈക്കറേറ്റുമാണ് കോഹ്‌ലിക്കുണ്ടായിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് ആണ് 973 റൺസ് അടിച്ചുകൂട്ടിയതു വഴി കോഹ്‌ലി സ്വന്തമാക്കിയത്.
advertisement
ക്രിസ് ഗെയ്‌ലിന്റെ 175 റണ്‍സ്
ഐ പി എല്ലിലെ ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള ഉയര്‍ന്ന വ്യക്തിഗത സ്കോറിൻ്റെ റെക്കോർഡ് തകര്‍ക്കാനുള്ള സാധ്യതയും വളരെ കുറവാണ്. 2013ല്‍ ആര്‍സിബിക്കുവേണ്ടി കളിച്ച ഗെയ്ല്‍ പൂനെ വാരിയേഴ്‌സിനെതിരേ പുറത്താവാതെ നേടിയത് 175 റണ്‍സാണ്. 13 ഫോറും 17 സിക്‌സുമാണ് ഗെയ്ല്‍ അന്ന് പറത്തിയത്. ആ സീസണില്‍ 16 മത്സരങ്ങളിൽ നിന്ന് 708 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്.
Also Read- IPL 2021 | രാജസ്ഥാൻ നായകനാകുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല- സഞ്ജു സാംസൺ
ഒരോവറില്‍ 37 റണ്‍സ്
ഒരു ഓവറിൽ പരമാവധി 36 റൺസാണ് നേടാനാവുക. ആറ് പന്ത് സിക്‌സര്‍ പറത്തിയാൽ 36 റണ്‍സ് നേടാൻ കഴിയും. എന്നാല്‍ ക്രിസ് ഗെയ്ല്‍ ഒരോവറല്‍ 37 റൺസാണ് നേടിയിട്ടുള്ളത്. കൊച്ചി ടസ്‌കേഴ്‌എസിനെതിരെ ആയിരുന്നു ഗെയ്‌ലിൻ്റെ അഴിഞ്ഞാട്ടം. കൊച്ചി ടസ്കേഴ്‌സ് പേസര്‍ പ്രശാന്ത് പരമേശ്വരനെതിരേ മൂന്ന് ഫോറും നാല് സിക്‌സുമാണ് ഗെയ്ല്‍ പറത്തിയത്. ഇതില്‍ ഒന്ന് നോബോള്‍ ആയിരുന്നു. അങ്ങനെയാണ് 37 റണ്‍സ് നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ അപൂര്‍വമാണ് ഇത്തരമൊരു റെക്കോഡ്. മത്സരത്തില്‍ 16 പന്തില്‍ 44 റണ്‍സുമായി ഗെയ്ല്‍ പുറത്തായി. 12 മത്സരത്തില്‍ നിന്ന് 608 റണ്‍സാണ് ഗെയ്ല്‍ ആ സീസണില്‍ അടിച്ചെടുത്തത്.
229 റണ്‍സ് കൂട്ടുകെട്ട്
വിരാട് കോഹ്‌ലിയും- എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് നിരവധി റെക്കോർഡുകള്‍ ഐപിഎല്ലില്‍ കുറിച്ചിട്ടുണ്ട്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 229 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എബിഡി 52 പന്തില്‍ 129 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ കോഹ്‌ലി 109 റണ്‍സാണ് അടിച്ചെടുത്തത്. ഐപിഎല്ലിലെ മികച്ച രണ്ടാമത്തെ കൂട്ടുകെട്ടായ 205 റൺസും എബിഡി-കോഹ്‌ലി കൂട്ടുകെട്ടിന്റെ പേരിലാണ്.
അല്‍സാരി ജോസഫിന്റെ 6/12 ബൗളിംഗ് പ്രകടനം
ഐപിഎല്ലിലെ മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസ് താരം അല്‍സാരി ജോസഫിൻ്റെ പേരിലാണ്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി 2019 സീസണിലാണ് അൽസാരി ജോസഫ് ഈ പ്രകടനം കാഴ്ചവച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തിൽ 12 റണ്‍സ് വഴങ്ങി 6 വിക്കറ്റാണ് ജോസഫ് വീഴ്ത്തിയത്.
ആറ് വിക്കറ്റ് പ്രകടനം ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാമെങ്കിലും ഇത്രയും ചെറിയ റണ്‍സ് വിട്ടുനല്‍കി ഇത്തരമൊരു പ്രകടനം നടത്തുക വളരെ പ്രയാസം തന്നെയായിരിക്കും.
News Summary- Five IPL records that may never be broken