49 പന്തുകള്‍ നേരിട്ട മാക്‌സ്‌വെല്‍ മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 78 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. അവസാന ഓവറുകളില്‍ തകര്‍ത്ത ഡിവില്ലിയേഴ്‌സ് വെറും 34 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 76 റണ്‍സോടെ പുറത്താകാതെ നിന്നു. മാക്‌സ്‌വെല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ പിന്തുണ നല്‍കിക്കൊണ്ട് എ ബി ഡിവില്ലിയേഴ്സ് താരത്തിന് സ്‌ട്രൈക്ക് കൈമാറിക്കൊണ്ടിരുന്നു. മാക്‌സ്‌വെല്‍ പുറത്തായതിന് ശേഷം തകര്‍ത്തടിച്ച ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന്റെ സ്‌കോറിനെ 200 കടത്തി. അവസാന അഞ്ച് ഓവറില്‍ 70 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.
advertisement
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ സ്‌കോര്‍ ആറില്‍ നില്‍ക്കേ ക്യാപ്റ്റന്‍ വിരാട് കോലിയെ (5) വരുണ്‍ ചക്രവര്‍ത്തി മടക്കി. രാഹുല്‍ ത്രിപാഠിയുടെ ഉജ്ജ്വല ക്യാച്ചിലാണ് ബാംഗ്ലൂര്‍ നായകന്‍ പുറത്തായത്. പിന്നാലെ അതേ ഓവറില്‍ തന്നെ രജത് പാട്ടീധറിനെയും (1) വരുണ്‍ പുറത്താക്കി.
പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍ - ദേവ്ദത്ത് പടിക്കല്‍ സഖ്യമാണ് ബാംഗ്ലൂരിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കാത്തത്. ഇരുവരും ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 28 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത പടിക്കലിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പടിക്കല്‍ പുറത്തായ ശേഷമെത്തിയ എ ബി ഡിവില്ലിയേഴ്‌സ്, മാക്‌സ്വെല്ലിനൊപ്പം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അഞ്ചാം വിക്കറ്റില്‍ കൈല്‍ ജാമിസണൊപ്പം ഡിവില്ലിയേഴ്‌സ് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജാമിസണ്‍ നാലു പന്തില്‍ നിന്ന് 11 റണ്‍സോടെ പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റ് നേടി.