തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ടീമിലുള്ള സാംപയും റിച്ചാർഡ്സണും ഐ.പി.എൽ. ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ഇരുവരും ഐ.പി.എൽ. ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നതായാണ് അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതെന്നും ഈ സീസണിലെ അശേഷിക്കുന്ന സമയത്ത് ഇവർ ഐപിഎല്ലിൽ ഉണ്ടാകില്ലെന്നും ആർ.സി.ബി. പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം പുതിയ ചില വിടവാങ്ങലുകൾ ടീമുകളെയും ഐ.പി.എൽ. 2021 സംഘാടകരെയും അൽപ്പം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ മഹാമാരിയും മറ്റ് പല കാരണങ്ങളാലും ഐ.പി.എൽ. പാതി വഴിയിൽ ഉപേക്ഷിച്ച് മടങ്ങുന്ന കളിക്കാരുടെ പട്ടിക പരിശോധിക്കാം.
advertisement
കെയ്ൻ റിച്ചാർഡ്സണും ആദം സാംപയും
ആദം സാംപയും കെയ്ൻ റിച്ചാർഡ്സണും വ്യക്തിപരമായ കാരണങ്ങളാൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മാനേജ്‌മെന്റ് അവരുടെ തീരുമാനത്തെ മാനിക്കുകയും അവർക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു.
രവിചന്ദ്രൻ അശ്വിൻ
അതേസമയം, കോവിഡ് -19 നെതിരായ പോരാട്ടത്തിൽ കുടുംബത്തോടൊപ്പമുണ്ടാകാനാണ് ഐപിഎല്ലിന്റെ 14-ാം പതിപ്പിൽ നിന്ന് സ്പിൻ മാന്ത്രികൻ രവിചന്ദ്രൻ അശ്വിൻ പിൻവാങ്ങിയത്. ഞായറാഴ്ച ഡബിൾ ഹെഡറിൽ സൺറൈഡേഴ്‌സ് ഹൈദരാബാദിനെതിരെ കളിക്കുന്ന ഡൽഹി ടീമിന്റെ ഭാഗമായ അശ്വിൻ തന്റെ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചു.
ലിയാം ലിവിംഗ്സ്റ്റൺ, ആൻഡ്രൂ ടൈ
രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് കളിക്കാരനാണ് ലിയാം ലിവിംഗ്സ്റ്റൺ. മിഡ് സീസണിൽ ഐപിഎല്ലിൽ നിന്ന് പിന്മാറിയ ആദ്യത്തെയാളാണ് ഇദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുകയും ചൊവ്വാഴ്ച ഫ്രാഞ്ചൈസി ഇത് പ്രഖ്യാപിക്കുകയും ചെയ്തു. മറ്റൊരു കളിക്കാരനായ ആൻഡ്രൂ ടൈയും ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്സും
കൈമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് 26 കാരനായ ആർച്ചറിനെ ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈയാഴ്ച 'കൂടുതൽ തീവ്രതയോടെ' ബൌളിംഗിലേക്ക് മടങ്ങിയെത്തിമെന്ന് ഇസിബി അറിയിച്ചു. ഓൾറൌണ്ടർ ബെൻ സ്റ്റോക്സ് വിരലിലെ പരുക്കുകളെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്. രാജസ്ഥാൻ റോയൽസിന്റെ ആദ്യ മൽസരത്തിൽ ഫീൽഡിംഗ് നടത്തുന്നതിനിടയിലാണ് ആർച്ചറിന് പരിക്കേറ്റത്.
മിച്ചൽ മാർഷ്
കണങ്കാലിലെ പരിക്കിനെ തുടർന്ന് മാർഷിന് 2020ലെ ഐ.പി.എൽ. മുഴുവനായും നഷ്‌ടമായി. ഈ സീസണിലെ സൺറൈസേഴ്സ് ഹൈദരബാദിന്റെ ആദ്യ ഗെയിമിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ജേസൺ ഹോൾഡർ അദ്ദേഹത്തിന് പകരക്കാരനാക്കി ടീമിൽ ഇടംനേടി.
ജോഷ് ഹാസിൽവുഡ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ.) നിന്ന് വിട്ടുനിൽക്കാനും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരക്കേറിയ ഷെഡ്യൂളിനായി വിശ്രമിക്കാനും ഹാസ്ൽവുഡ് തീരുമാനിക്കുകയായിരുന്നു. 30 കാരനായ ഫാസ്റ്റ് ബൌളർ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി രണ്ടാം സീസൺ കളിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ അടുത്ത രണ്ട് മാസം ക്രിക്കറ്റിൽ നിന്ന് വിട്ട് നിന്ന് വിശ്രമിക്കാനും വീട്ടിലും ഓസ്‌ട്രേലിയയിലും കുറച്ച് സമയം ചെലവഴിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹാസ്ൽവുഡ് ക്രിക്കറ്റ് ഡോട്ട് കോമിനോട് പറഞ്ഞു.
Keywords: IPL, Cricket, Indian Premier League, ഐപിഎൽ, ക്രിക്കറ്റ്, ഇന്ത്യൻ പ്രീമിയർ ലീഗ്
