നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഡൽഹി ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ മൂന്നിന് 189 റൺസെടുക്കുകയായിരുന്നു. 50 പന്തിൽ 76 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. മാർക്കസ് സ്റ്റോയിനിസ് 38 റൺസും ഷിമ്റോൺ ഹെറ്റ്മെയർ പുറത്താകാതെ 42 റൺസും നേടി. ഓപ്പണിങ് വിക്കറ്റിൽ സ്റ്റോയിനിസും ധവാനും ചേർന്ന് 86 റൺസാണ് കൂട്ടിച്ചേർത്തത്. 27 പന്തിൽ 38 റൺസെടുത്ത സ്റ്റോയിനിസിന്‍റെ വിക്കറ്റാണ് ഡൽഹിക്കു ആദ്യം നഷ്ടമായത്. തുടർന്ന് നായകൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ചു ധവാൻ ഡൽഹി ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു.
advertisement
21 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്തായതോടെ രണ്ടിന് 126 റൺസ് എന്ന നിലയിലായി ഡൽഹി. 50 പന്ത് നേരിട്ട ധവാൻ 78 റൺസാണ് നേടിയത്. ആറ് ഫോറും രണ്ടു സ്കിസറും ഉൾപ്പെടുന്നതായിരുന്നു ധവാന്‍റെ ഇന്നിംഗ്സ്. പത്തൊമ്പതാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ധവാൻ പുറത്തായത്. അപ്പോഴേക്കും ഏറെക്കുറെ സുരക്ഷിതമായ സ്കോറിൽ ഡൽഹി എത്തിയിരുന്നു.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹെറ്റ്മെയറും ഡൽഹിയുടെ സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 22 പന്ത് നേരിട്ടാണ് ഹെറ്റ്മെയർ 42 റൺസെടുത്തത്. പുറത്താകാതെ നിന്ന ഹെറ്റ്മെയർ നാലു ഫോറും ഒരു സിക്സറും പറത്തു. അതേസമയം നാലോവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാന് മാത്രമാണ് ഹൈദരാബാദ് നിരയിൽ ബൌളിങ്ങിൽ തിളങ്ങാനായത്.
ഐപിഎല്ലിലെ രണ്ടാം പ്ലേ ഓഫിലാണ് ഡൽഹിയും ഹൈദരാബാദും ഏറ്റുമുട്ടുന്നത്. ജയിക്കുന്ന ടീമിന് നവംബർ 10ന് നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടാം. എലിമിനേറ്ററിൽ ബാംഗ്ലൂരിനെ വീഴ്ത്തിയാണ് ഹൈദരാബാദ് രണ്ടാം പ്ലേഓഫിലെത്തിയത്.