ഒന്നാം വിക്കറ്റിൽ സ്റ്റോക്ക്സും ഉത്തപ്പയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് എളുപ്പത്തിൽ 60 റൺസ് കുട്ടിച്ചേർത്തു. ഇതിൽ 50 റൺസും നേടിയത് ബെൻ സ്റ്റോക്ക്സാണ്. 26 പന്ത് നേരിട്ടാണ് സ്റ്റോക്ക്സ് അർദ്ധസെഞ്ച്വറിയിലെത്തിയത്. മൂന്നു സിക്സറും ആറു ഫോറും അദ്ദേഹത്തിന്‍റെ ഇന്നിംഗ്സിന് ചാരുതയേകി. സ്റ്റോക്ക്സ് പുറത്തായെങ്കിലും സഞ്ജു വി സാംസൺ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ആവർത്തിച്ചപ്പോൾ കിങ്സ് ഇലവൻ ക്യാംപ് തോൽവി മണത്തു. 25 പന്ത് നേരിട്ട സഞ്ജു മൂന്നു സിക്സറും നാലു ഫോറും അടിച്ചു. 48 റൺസെടുത്ത സഞ്ജു റണ്ണൌട്ടായെങ്കിലും കൂടുതൽ നഷ്ടം കൂടാതെ സ്റ്റീവൻ സ്മിത്തും ജോസ് ബട്ട്ലറും ചേർന്ന് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
advertisement
രാജസ്ഥാനെതിരെ ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലിന് 185 റൺസെടുത്തു. ക്രിസ് ഗെയിലിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിന് മികച്ച സ്കോർ നേടിക്കൊടുത്തത്. 63 പന്തിൽനിന്ന് ഗെയിൽ 99 റൺസെടുത്തു. എട്ടു പടുകൂറ്റൻ സിക്സറുകളും ആറു ഫോറും ഉൾപ്പെടുന്നതായിരുന്നു ഗെയിലിന്‍റെ ഇന്നിംഗ്സ്. ഇന്നത്തെ മത്സരത്തോടെ ടി20 മത്സരങ്ങളിൽ 1000 സിക്സർ അടിക്കുന്ന ആദ്യ താരമെന്ന അത്യപൂർവ്വ നേട്ടം ഗെയിലിനെ തേടിയെത്തി.
പഞ്ചാബ് നിരയിൽ ഗെയിലിനെ കൂടാതെ നായകൻ കെ.എൽ രാഹുലും ബാറ്റിങ്ങിൽ തിളങ്ങി. 41 പന്തിൽ 46 റൺസാണ് രാഹുൽ നേടിയത്. മൂന്നു ഫോറും രണ്ടു സിക്സറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിംഗ്സ്. ഗെയിലും രാഹുലും ചേർന്ന് രണ്ടാം വിക്കറ്റിൽ 82 പന്തിൽ 120 റൺസ് കൂട്ടിച്ചേർത്തു. സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ഗെയിലിനെ ജോഫ്ര ആർച്ചർ ക്ലീൻ ബൌൾഡാക്കുകയായിരുന്നു.
അവസാന ഓവറുകളിൽ നിക്കോളാസ് പൂരാൻ നടത്തിയ വെടിക്കെട്ടും പഞ്ചാബ് സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. 10 പന്തിൽ മൂന്നു സിക്സർ ഉൾപ്പെട 22 റൺസാണ് പൂരാൻ നേടിയത്. രാജസ്ഥാനുവേണ്ടി ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്ക്സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഈ മത്സരഫലത്തോടെ പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത പരുങ്ങലിലായി. അതേസമയം രാജസ്ഥാന് മുന്നിൽ സാധ്യതകൾ തുറക്കുകയും ചെയ്തു. അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച വിജയം ആവർത്തിച്ചാൽ രാജസ്ഥാൻ റോയൽസിന് പ്ലേഓഫ് യോഗ്യത നേടാനാകും.