സീസണിലെ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീമെന്ന ഖ്യാതിയുമായി ഈ മത്സരത്തിനിറങ്ങിയ ബാംഗ്ലൂരിനെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ധോണിയും സംഘവും കാഴ്ചവച്ചത്. നേരത്തെ ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം നടത്തി ചെന്നൈയെ വമ്പൻ സ്കോറിലേക്ക് നയിച്ച ജഡേജ തന്നെയാണ് ബാംഗ്ലൂരിനെ ഒതുക്കാൻ ചുക്കാൻ പിടിച്ചത്. ബൗളിംഗിൽ മൂന്നു വിക്കറ്റും ഒരു റൺ ഔട്ടുമായി താരം തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ ജയിച്ചതോടെ ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി.
advertisement
ചെന്നൈയുടെ സ്കോർ പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനായി കോഹ്ലി - പടിക്കൽ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ദീപക് ചഹർ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് തുടങ്ങിയ കോഹ്ലി പിന്നീട് സപ്പോർട്ടിങ് റോൾ ഏറ്റെടുത്തു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ പടിക്കൽ നിർത്തിയിടത്ത് നിന്ന് തുടങ്ങുന്ന കാഴ്ചയാണ് കണ്ടത്. സിംഗിളുകൾ എടുത്ത് കോഹ്ലിയും കൂട്ട് നിന്നു. രണ്ട് ഓവറിൽ 44 റൺസ് എന്ന നിലയിൽ എത്തി. എന്നാൽ നാലാം ഓവറിൻ്റെ ആദ്യ പന്തിൽ കോഹ്ലിയെ ധോണിയുടെ കൈകളിൽ എത്തിച്ച് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ പടിക്കൽ തൻ്റെ കളി തുടർന്നു എന്നാൽ ബുദ്ധിപരമായ ഒരു ഫീൽഡ് പ്ലേസ്മെൻ്റിലൂടെ താരത്തിൻ്റെ വിക്കറ്റ് ധോണിയും സംഘവും സ്വന്തമാക്കി. അഞ്ചാം ഓവറിൽ ഷാർദുൽ ഠാക്കുറിൻ്റെ അവസാന പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച താരത്തിൻ്റെ ശ്രമം പാളി. ഗള്ളിയിൽ നിൽക്കുകയായിരുന്ന റെയ്നക്ക് ക്യാച്ച്.
Also Read- IPL 2021 | രോഹിത്, ധോണി, കോഹ്ലി എന്നിവരുടെ കൂടെ ഇനി റെയ്‌നയും, വമ്പന്‍ നേട്ടവുമായി 'ചിന്നത്തല'
പിന്നീട് കൃത്യമായ ഇടവേളകളിൽ ചെന്നൈ ബംഗ്ലൂരിൻ്റെ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. ബാംഗ്ലൂരിനായി അവരുടെ സൂപ്പർ താരങ്ങളായ ഗ്ലെൻ മാക്സ്‌വെല്ലും എബി ഡിവില്ലിയേഴ്സും ചേർന്ന് മത്സരം ബാംഗ്ലൂരിൻ്റെ വഴിയിലേക്ക് കൊണ്ടുവരുമെന്ന് ആരാധകർ കരുതിയെങ്കിലും തകർപ്പൻ ഫോമിൽ കളിച്ച ജഡേജ ഇരുവരേയും പുറത്താക്കി കളി ചെന്നൈക്ക് അനുകൂലമാക്കി. പിന്നീട് വന്ന ആർക്കും കളിയിൽ കാര്യമായി ചെയ്യാൻ കഴിയാഞ്ഞതോടെ ബാംഗ്ലൂർ തോൽവിയിലേക്ക് വീണു.
അക്ഷരാർഥത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ജഡേജ അരങ്ങുവാഴുന്ന കാഴ്ചയായിരുന്നു കണ്ടത്. നേരത്തെ ബാറ്റ് കൊണ്ട് ബാംഗ്ലൂർ ബൗളിംഗ് നിരയെ അടിച്ചൊതുക്കിയ താരം പന്ത് കൊണ്ടും തൻ്റെ ഫീൽഡിങ് മികവ് കൊണ്ടും ബാംഗ്ലൂർ നിരയുടെ അന്തകനായി. താരം തൻ്റെ ബൗളിംഗിൽ നാല് ഓവറിൽ വെറും 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റും മികച്ച ഒരു ത്രോയിലൂടെ ഡാൻ ക്രിസ്റ്റ്യൻ്റെ വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യ ഓവറുകളിൽ റൺസ് വഴങ്ങിയ ചെന്നൈ പിന്നീടുള്ള ഓവറുകളിൽ നന്നായി പന്തെറിഞ്ഞാണ് മത്സരം കൈപ്പിടിയിൽ ഒതുക്കിയത്. ഈ സീസണിലെ ആദ്യ മത്സരം കളിച്ച ഇമ്രാൻ താഹിറും രണ്ട് വിക്കറ്റ് വീഴ്ത്തി ചെന്നൈക്കായി തിളങ്ങി. മികച്ച ഫോമിൽ കളിക്കുകയായിരുന്ന മോയിൻ അലിയെ പുറത്തിരുത്തി ക്യാപ്റ്റൻ ധോണി നടത്തിയ മാറ്റം അവർക്ക് ഗുണം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.
നേരത്തെ, ജഡേജയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ബാംഗ്ലൂരിനെതിരെ ചെന്നൈ 191റൺസ് എന്ന വമ്പന്‍ സ്‌കോര്‍. നേടിയത്. അവസാന ഓവര്‍ വരെ ശാന്തമായി കളിച്ച ജഡേജ, ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അവസാന ഓവറില്‍ ഒരു നോബോള്‍ അടക്കം 37 റണ്‍സാണ് ജഡേജ അടിച്ചു കൂട്ടിയത്. ബാംഗ്ലൂരിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് ഹര്‍ഷല്‍ ആയിരുന്നു. ചെന്നൈക്ക് വിക്കറ്റുകള്‍ അധികം നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും സ്‌കോറിങ് പതിയെയായിരുന്നു. എന്നാല്‍ അവസാന ഓവറിലൂടെ ഇതെല്ലാം മാറി മറഞ്ഞു. 28 പന്തില്‍ അഞ്ചു സിക്‌സറും, നാല് ബൗണ്ടറിക്കളുമടക്കം 62 റണ്‍സാണ് ജഡേജ നേടിയത്.
