മത്സരത്തില്‍ ഒരുവേള അനായാസം ജയിക്കുമെന്ന് തോന്നിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അവസാന നാല് ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളര്‍മാര്‍ ശെരിക്കും വെള്ളം കുടിപ്പിച്ചു. എന്നിട്ടും ഒരു പന്ത് ബാക്കിനില്‍ക്കേ ആര്‍ അശ്വിനെ സിക്‌സര്‍ പറത്തി രാഹുല്‍ ത്രിപാഠി ഫൈനലിലേക്ക് കെകെആറിന് ടിക്കറ്റ് നല്‍കുകയായിരുന്നു.
ഐപിഎല്ലില്‍ തങ്ങളുടെ കന്നിക്കിരീടം എന്ന സ്വപ്നമാണ് കൊല്‍ക്കത്തയ്ക്കെതിരെ തോറ്റതോടെ ഡല്‍ഹിക്ക് നഷ്ടമായത്. ഡല്‍ഹിയുടെ തുടര്‍ച്ചയായ മൂന്നാം പ്ലേഓഫ് ആയിരുന്നു ഈ സീസണിലേത്. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ശേഷമാണ് ക്വാളിഫയറില്‍ തോറ്റ് ഡല്‍ഹിയുടെ മടക്കം. നായകന്‍ റിഷഭ് പന്ത് വികാരാധീനനായപ്പോള്‍ ഓപ്പണര്‍ പൃഥ്വി ഷാ മൈതാനത്ത് കിടന്ന് പൊട്ടിക്കരഞ്ഞു. സഹതാരങ്ങളെത്തി ഷായെ ആശ്വസിപ്പിച്ച് എഴുന്നേല്‍പിക്കുകയായിരുന്നു. റിഷഭിനെ ഉള്‍പ്പടെ ആശ്വസിപ്പിച്ച് ഡല്‍ഹി പരിശീലകനും ഓസ്ട്രേലിയയുടെ ഇതിഹാസ നായകനുമായ റിക്കി പോണ്ടിംഗുമുണ്ടായിരുന്നു.
ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വളരെ അനായാസമാണ് കൊല്‍ക്കത്ത നീങ്ങിയതെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്തയെ ഡല്‍ഹി വിറപ്പിക്കുകയായിരുന്നു. 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ പിന്നീട് കൊല്‍ക്കത്ത ബാറ്റര്‍മാര്‍ ഒന്നിന് പുറകെ ഒന്നായി മടങ്ങിയതോടെ കൊല്‍ക്കത്ത 130ന് ഏഴ് വിക്കറ്റ് നിലയിലേക്ക് വീഴുകയായിരുന്നു. അവസാന ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍ വിറപ്പിച്ചെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സ് നേടി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
കൊല്‍ക്കത്തയ്ക്കായി ഓപ്പണിങ് ബാറ്റര്‍മാരായ ശുഭ്മാന്‍ ഗില്‍ (45 പന്തില്‍ 46) വെങ്കടേഷ് അയ്യര്‍ (41 പന്തില്‍ 55) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 96 റണ്‍സാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ അടിത്തറ. രാഹുല്‍ ത്രിപാഠി 12 റണ്‍സോടെ പുറത്താകാതെ നിന്നു.