നിലവിൽ അപാര ഫോമിൽ കളിക്കുന്ന ചെന്നൈക്കെതിരെ ജയം നേടുക എന്നത് മുംബൈക്ക് ബുദ്ധിമുട്ടുള്ള കാര്യമായേക്കും. എന്നാൽ ഇത്തരം വെല്ലുവിളികൾ തരണം ചെയ്യാനുള്ള മുംബൈയുടെ കഴിവും നമുക്ക് മുന്നിൽ മുമ്പും വെളിപ്പെട്ടിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ ഇരു ടീമുകളും പോരാടാൻ ഇറങ്ങുമ്പോൾ ആവേശം അതിരുകടക്കുമെന്ന് ഉറപ്പാണ്. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. ഡല്‍ഹിയിലെ പിച്ച് ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്നതിനാല്‍ മികച്ച ബാറ്റിങ് പ്രകടനം തന്നെ മത്സരത്തില്‍ പ്രതീക്ഷിക്കുന്നു.
advertisement
രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ, ക്വിന്റന്‍ ഡീകോക്ക്, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങി ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കാതിരുന്ന താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു എന്നുള്ളത് മുംബൈക്ക് ആശ്വാസം നൽകുന്നു. എന്നാല്‍ സിഎസ്‌കെയെ പോലൊരു മികച്ച ബൗളിങ് നിരയുള്ള ടീമിനെതിരെ ഇറങ്ങുമ്പോൾ വലിയ പ്രകടനം തന്നെയാവും മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുന്നത്. പൊതുവേ സിഎസ്‌കെയ്‌ക്കെതിരെയുള്ള മത്സരങ്ങളിലും മുംബൈ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. ബാറ്റിംഗ് നിര സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്,രാഹുല്‍ ചഹാര്‍ എന്നിവരടങ്ങിയ ബൗളിങ് നിര മികവ് കാട്ടുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ മത്സരത്തിൽ വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാനെ മുംബൈ ഒതുക്കി നിർത്തിയത് ഈ ബൗളിംഗ് നിരയുടെ ബലത്തിലാണ്. ടൂർണമെൻ്റിലെ പല മത്സരങ്ങളിലും അവർ വിജയം നേടിയതും ഈ ബൗളിംഗ് നിരയുടെ മികച്ച പ്രകടനത്തിലാണ്.
മറുവശത്ത്, എണ്ണയിട്ട എൻജിൻ പോലെ സുഖമായി പ്രവർത്തിക്കുന്ന ടീമാണ്. ഈ സീസണിലെ ചെന്നൈ സൂപ്പർ കിങ്സ്. ഓപ്പണിങ്ങില്‍ ഫാഫ് ഡുപ്ലെസിസും ഋതുരാജ് ഗെയ്ക്വാദും മിന്നും ഫോമിലാണുള്ളത്. സുരേഷ് റെയ്‌ന,അമ്പാട്ടി റായിഡു,മോയിന്‍ അലി എന്നിവര്‍ ചേര്‍ന്ന് ടോപ് ഓഡറില്‍ അടിത്തറ നല്‍കുന്നു. ഇതിൽ റായ്ഡുവിന് മാത്രമാണ് ഇനിയും താളം കണ്ടെത്താൻ ആവാത്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ രവീന്ദ്ര ജഡേജ,സാം കറാന്‍,ഡ്വെയ്ന്‍ ബ്രാവോ എന്നിവരുമുണ്ട്. തൻ്റെ പഴയ ഫിനിഷിങ് പാടവം കൈമോശം വന്നിട്ടില്ല എന്ന് ധോണി തെളിയിച്ചതുമാണ്. ബാറ്റിങ്ങിൽ പഴയ വീര്യം കുറവാണെങ്കിലും വിക്കറ്റിന് പുറകിലും ക്യാപ്റ്റൻസിയിലും ധോണിയുടെ മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
ഇതിഹാസ നായകന്റെ മികവിനൊത്ത് കളിക്കുന്ന സിഎസ്‌കെ താരങ്ങള്‍ ഫീല്‍ഡിങ്ങിലും മികവ് കാട്ടുന്നതോടെ മുംബൈ റണ്‍സ് കണ്ടെത്താന്‍ പാട് പെടുമെന്ന് ഉറപ്പാണ്. ദീപക് ചഹാര്‍,ലൂങ്കി എന്‍ഗിഡി എന്നിവരുടെ ന്യൂബോളിലെ പ്രകടനം നിര്‍ണ്ണായകമാവും. ഇരുഭാഗത്തേക്കും പന്തിനെ അനായാസം സ്വിങ് ചെയ്യിക്കാൻ കഴിയുന്നത് ചഹാറിനെ അപകടകാരിയാക്കുന്നു. ഇത് കൂടാതെ രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരും ബൗളിംഗിൽ ചെന്നൈക്ക് ശക്തി പകരുന്നു.
ഇതുവരെയുള്ള കളിക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുംബൈക്കാണ് ആധിപത്യം. 30 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 18 തവണയും ധോണിയുടെ തന്ത്രങ്ങൾക്ക് മേൽ വിജയം നേടാന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനായിട്ടുണ്ട്. ഇതിൽ പല മത്സരങ്ങളും ഐപിഎൽ ഫൈനൽ മത്സരങ്ങൾ ആണെന്നുള്ളത് ശ്രദ്ധേയമാണ്. പക്ഷേ ചെന്നൈ സൂപ്പർ കിങ്സിനെ നിലവിലെ ഫോമിൽ പൂട്ടാൻ എന്തൊക്കെ തന്ത്രങ്ങളുമായാണ് രോഹിതും സംഘവും ഇറങ്ങുക എന്ന് കാത്തിരുന്ന് കാണാം
Summary- IPL El- classico : The tournament heavyweights CSK and MI comes face to face in today's match.
