സ്കോർ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ - 20 ഓവറിൽ 138/7; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - 19.4 ഓവറിൽ 139/6
ആർസിബി ഉയർത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് നൽകിയത്. ആർസിബി ബൗളർമാരെ മികച്ച രീതിയിൽ നേരിട്ട ഇരുവരും ആദ്യ അഞ്ചോവറിൽ കൊൽക്കത്തയുടെ സ്കോർ ബോർഡിലേക്ക് 40 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ആറാം ഓവറിൽ ഗില്ലിനെ മടക്കി ഹർഷൽ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ഗില്ലിനെ ഹർഷൽ പട്ടേൽ ഡിവില്ല്യേഴ്‌സിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഗില്ലിന് പകരം വന്ന രാഹുൽ ത്രിപാഠിക്ക് പക്ഷെ അധികം ആയുസ്സുണ്ടായിരുന്നില്ല. കൊൽക്കത്തയുടെ സ്കോർ 50 കടന്നതിന് പിന്നാലെ ആറ് റൺസെടുത്ത ത്രിപാഠിയെ മടക്കി ചഹൽ ആർസിബിക്ക് മുൻതൂക്കം നൽകി. തകർച്ച മുന്നിൽക്കണ്ട കൊൽക്കത്തയെ പിന്നീട് ക്രീസിൽ എത്തിയ നിതീഷ് റാണയും വെങ്കടേഷ് അയ്യരും ചേർന്ന് രക്ഷിച്ചെടുക്കുകയായിരുന്നു.
advertisement
ആർസിബി ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട സഖ്യം സാവധാനമാണ് കൊൽക്കത്തയുടെ സ്കോർ ഉയർത്തിയത്. ഇതിനിടയിൽ വെങ്കടേഷ് അയ്യരെ പുറത്താക്കാനുള്ള ഒരു സുവർണാവസരം ഷഹബാസ് അഹമ്മദ് കളഞ്ഞതും ആർസിബിക്ക് തിരിച്ചടിയായി. പക്ഷെ ഷഹബാസ് നൽകിയ ജീവൻ താരത്തിന് മുതലെടുക്കാൻ കഴിഞ്ഞില്ല. 11-ാം ഓവറില്‍ അയ്യരെ മടക്കി ഹര്‍ഷല്‍ വീണ്ടും കൊല്‍ക്കത്തയെ ഞെട്ടിച്ചു. 30 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ ഹര്‍ഷല്‍ വിക്കറ്റ് കീപ്പര്‍ ഭരതിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
പിന്നീട് നിതീഷ് റാണയ്‌ക്കൊപ്പം ക്രീസിലെത്തിയ നരെയ്ൻ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് അടിച്ചാണ് തുങ്ങിയത്. നരെയ്ൻ ഒരറ്റത്ത് തകർത്തടിക്കാൻ തുടങ്ങിയതോടെ കൊൽക്കത്തയുടെ ഇന്നിങ്സിന് വീണ്ടും ജീവൻ വെക്കുകയായിരുന്നു. എന്നാല്‍ മറുവശത്ത് നരെയ്‌ന് പിന്തുണ നൽകിക്കൊണ്ട് ക്ഷമയോടെ ബാറ്റ് ചെയ്ത റാണയെ പുറത്താക്കി ചഹല്‍ വീണ്ടും കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നൽകി. 23 റൺസെടുത്ത താരത്തെ ചഹൽ ഡിവില്ലിയേഴ്‌സിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
അവസാന മൂന്നോവറിൽ 15 റൺസ് വിജയത്തിന് വേണം എന്നിരിക്കെ അടുത്തടുത്ത പന്തുകളിൽ അപകടകാരിയായ നരെയ്നെയും ദിനേശ് കാർത്തിക്കിനെയും മടക്കി സിറാജ് മത്സരം ആവേശത്തിലാക്കി. 15 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത നരെയ്‌നെ സിറാജ് ബൗള്‍ഡാക്കിയപ്പോൾ 10 റൺസെടുത്ത കാർത്തിക്കിനെ സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഭരത് പിടികൂടുകയായിരുന്നു. ആ ഓവറിൽ വെറും മൂന്ന് റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. ഇതോടെ രണ്ടോവറിൽ 12 റൺസ് എന്നായി കൊൽക്കത്തയുടെ ലക്ഷ്യം.
ജോർജ് ഗാർട്ടൻ എറിഞ്ഞ 19-ാം ഓവറില്‍ നിന്നും കൊല്‍ക്കത്ത ബാറ്റർമാരായ മോർഗനും ഷക്കീബും ചേർന്ന് അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം ഏഴ് റണ്‍സായി. എന്നാൽ ഡാന്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ഷക്കീബ് മത്സരം കൊൽക്കത്തയ്ക്ക് അനുകൂലമാക്കി എടുത്തു. പിന്നീടുള്ള മൂന്ന് പന്തുകളിൽ സിംഗിളുകൾ നേടിയ മോർഗനും ഷക്കീബും കൊൽക്കത്തയെ ക്വാളിഫയറിലേക്ക് കടത്തുകയായിരുന്നു. ഷക്കീബ് ഒമ്പത് റൺസോടെയും മോർഗൻ അഞ്ച് റൺസോടെയും പുറത്താകാതെ നിന്നു.
ആർസിബിക്ക് വേണ്ടി യുസ്വേന്ദ്ര ചഹൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ, മികച്ച ബൗളിംഗ് പ്രകടനം നടത്തിയാണ് കൊൽക്കത്ത ബൗളർമാർ ആർസിബിയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ആർസിബിയുടെ ബാറ്റിംഗ് നിരയിലെ പ്രധാനികളായ വിരാട് കോഹ്‌ലി, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കി കൊൽക്കത്തയുടെ സ്പിന്നർ സുനിൽ നരെയ്‌നാണ് ആർസിബിയെ പിടിച്ചുകെട്ടിയത്. വെറും 21 റൺസ് വിട്ട് നല്‍കിയാണ് സുനിൽ നരെയ്‌ന്‍ നാല് വിക്കറ്റ് നേടിയത്. 33 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ആർസിബിയുടെ ടോപ് സ്‌കോറർ. കോഹ്‌ലിക്ക് പുറമെ മറ്റ് താരങ്ങൾക്കൊന്നും ആർസിബിയുടെ ടോട്ടലിലേക്ക് കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല.

