ആർസിബിയുടെ ബാറ്റിംഗ് നിരയിലെ പ്രധാനികളായ വിരാട് കോഹ്‌ലി, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കിയ കൊൽക്കത്തയുടെ സ്പിന്നർ സുനിൽ നരെയ്‌നാണ് ആർസിബിയെ പിടിച്ചുകെട്ടിയത്. വെറും 21 റൺസ് വിട്ട് നല്‍കിയാണ് സുനിൽ നരെയ്‌ന്‍ നാല് വിക്കറ്റ് നേടിയത്. 33 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ആർസിബിയുടെ ടോപ് സ്‌കോറർ. കോഹ്‌ലിക്ക് പുറമെ മറ്റ് താരങ്ങൾക്കൊന്നും ആർസിബിയുടെ ടോട്ടലിലേക്ക് കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല.
advertisement
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിക്കായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കൂട്ടാളി ദേവ്ദത്ത് പടിക്കലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. കൊൽക്കത്ത ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട് തുടങ്ങിയ ഇവർ പിന്നീട് കളിയുടെ ഗിയർ മാറ്റുകയായിരുന്നു. മികച്ച രീതിയിൽ മുന്നേറിയ ഇവരുടെ കൂട്ടുകെട്ട് പൊളിച്ച് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത് ലോക്കി ഫെർഗൂസൻ ആയിരുന്നു. പവർപ്ലേയുടെ അവസാന ഓവറിലെ ആദ്യ പന്തിൽ 18 പന്തില്‍ 21 റണ്‍സെടുത്ത പടിക്കലിനെ ബൗൾഡ് ആക്കുകയായിരുന്നു ഫെർഗൂസൻ. ഒന്നാം വിക്കറ്റിൽ 49 റൺസാണ് കോഹ്‌ലിയും പടിക്കലും ചേർത്തത്.
ബാറ്റിങ് പവര്‍പ്ലേയ്ക്ക് ശേഷം ആർസിബി ഇന്നിങ്സിന്റെ വേഗം കുറയുകയായിരുന്നു. പടിക്കൽ മടങ്ങിയ ശേഷം ക്രീസിലെത്തിയ ആർസിബിയുടെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ശ്രീകർ ഭരതിന് പക്ഷെ കൊൽക്കത്തയ്‌ക്കെതിരെ അതേ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല. ഇടയ്ക്ക് താരത്തെ സ്റ്റമ്പ് ചെയ്ത് പുറത്താക്കാനുള്ള അവസരം കാർത്തിക് നഷ്ടപെടുത്തിയെങ്കിലും പിന്നാലെ തന്നെ നരെയ്‌ന് വിക്കറ്റ് സമ്മാനിച്ച് താരം മടങ്ങി. 16 പന്തുകളില്‍ നിന്ന് വെറും ഒന്‍പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
പിന്നീട് ക്രീസിൽ മാക്‌സ്‌വെൽ എത്തിയതോടെ ആർസിബിയുടെ സ്കോറിങ്ങിന് അല്പം വേഗം കൂടി. എന്നാല്‍ 13-ാം ഓവറില്‍ വിരാട് കോലിയെ ക്ലീന്‍ ബൗള്‍ഡാക്കി സുനില്‍ നരെയ്ന്‍ വീണ്ടും ആർസിബിയെ പ്രതിരോധത്തിലാക്കി. കോഹ്‌ലിക്ക് പകരം എത്തിയ ഡിവില്ലിയേഴ്സ് മാക്സ്‌വെല്ലുമൊത്ത് ആർസിബി സ്കോർ 100 കടത്തി. എന്നാല്‍ 15-ാം ഓവറില്‍ നരെയ്ന്‍ വീണ്ടും അപകടം വിതച്ചു. അപകടകാരിയായ ഡിവില്ലിയേഴ്‌സിനെ ബൗള്‍ഡാക്കിയ നരെയ്ൻ ആർസിബിയെ തകർച്ചയിലേക്ക് തള്ളിയിടുകയായിരുന്നു. 11 റണ്‍സ് മാത്രമാണ് ഡിവില്ലിയേഴ്‌സിന് നേടാനായത്.
പിന്നാലെ തന്നെ മാക്സ്‌വെല്ലിനെയും മടക്കി നരെയ്ൻ ആർസിബിയെ റൺ നേടാൻ അനുവദിക്കാത്തതിനൊപ്പം നിർണായക വിക്കറ്റുകളും വീഴ്ത്തി വരിഞ്ഞു കെട്ടുകയായിരുന്നു. 18 പന്തുകളില്‍ നിന്ന് 15 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ നരെയ്ൻ ഫെർഗൂസന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മാക്‌സ്‌വെല്ലും പുറത്തായതോടെ ആർസിബിക്ക് പിന്നീട് സ്കോർ കാര്യമായി ഉയർത്താൻ കഴിഞ്ഞില്ല. പിന്നാലെ വന്ന ഷഹബാസ് അഹമ്മദിനെ ലോക്കി ഫെർഗൂസൻ പുറത്താക്കിയപ്പോൾ ഡാന്‍ ക്രിസ്റ്റ്യൻ അവസാന ഓവറിൽ റൺ ഔട്ട് ആവുകയായിരുന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി.

