അര്‍ധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെയും (35 പന്തുകളിൽ 51) പൃഥ്വി ഷായുടെയും (34 പന്തുകളിൽ 60) മികവിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇരുവർക്കും പുറമെ ഷിംറോണ്‍ ഹെറ്റ്‌മെയറും (24 പന്തുകളിൽ 37) മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണറായ പൃഥ്വി ഷാ നല്‍കിയത്. ചെന്നൈ ബൗളർമാരെ അനായാസം നേരിട്ട ഷാ ബൗണ്ടറികള്‍ നേടി ഡൽഹി സ്കോർബോർഡിലേക്ക് അതിവേഗം റൺസ് ചേർത്തപ്പോൾ മറുവശത്ത് ശിഖർ ധവാൻ നിരാശപ്പെടുത്തി. ഏഴ് റൺസ് മാത്രമെടുത്ത താരത്തെ പുറത്താക്കി ഹെയ്സൽവുഡാണ് ഡൽഹിയുടെ സ്കോറിങ്ങിന് ചെറിയ ബ്രേക്ക് ഇട്ടത്. ഡൽഹി സ്കോർ 36 ൽ നിൽക്കെ തനിക്കെതിരെ ബൗണ്ടറി നേടാൻ ശ്രമിച്ച ധവാനെ ഹെയ്സൽവുഡ് ധോണിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
advertisement
ധവാന് ശേഷം ശ്രേയസ് അയ്യരാണ് ക്രീസിൽ എത്തിയത്. നോൺ സ്‌ട്രൈക്കർ എൻഡിൽ അയ്യരെ കാഴ്ച്ചക്കാരനാക്കി നിർത്തി ഷാ തന്റെ അടി തുടർന്നു. ഷാ ഒരറ്റത്ത് തകർത്തടിച്ചതോടെ 4.5 ഓവറിൽ തന്നെ ഡൽഹിയുടെ സ്കോർ 50 കടന്നു. ശാര്‍ദുല്‍ ഠാക്കൂറിന്റെ പന്തിൽ ഷായെ പുറത്താക്കാൻ ചെന്നൈക്ക് ഒരവസരം ലഭിച്ചെങ്കിലും ധോണി അവസരം പാഴാക്കി. ഷായ്ക്ക് ജീവൻ ലഭിച്ചെങ്കിലും തൊട്ടുപിന്നാലെ ഹെയ്സൽവുഡ് അയ്യരെ പുറത്താക്കി ഡൽഹിക്ക് വീണ്ടും തിരിച്ചടി നൽകി. എട്ട് പന്തുകൾ നേരിട്ട് ഒരു റൺ മാത്രം എടുത്ത അയ്യരെ ഹെയ്സൽവുഡ് ഋതുരാജ് ഗെയ്ക്‌വാദിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മറുവശത്ത് വീണുകിട്ടിയ അവസരം മുതലാക്കിയ ഷാ 27 പന്തുകളിൽ അർധസെഞ്ചുറി കുറിച്ചു.
അയ്യർ പുറത്തായതിന് ശേഷം നാലാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ അക്‌സർ പട്ടേലിന് പക്ഷെ അവസരം മുതലെടുക്കാൻ കഴിഞ്ഞില്ല. 10 റൺസ് നേടിയ അക്‌സർ പട്ടേലിനെ മൊയീൻ അലി പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ജഡേജയെ കൊണ്ടുവന്ന ധോണിയുടെ തന്ത്രം ഫലിച്ചു. ഡൽഹിക്ക് വേണ്ടി തകർത്തടിച്ചു മുന്നേറിക്കൊണ്ടിരുന്ന പൃഥ്വി ഷായെ ഡുപ്ലെസിസിന്റെ കൈകളിൽ എത്തിച്ച് ജഡേജ ഡൽഹിയെ ഞെട്ടിച്ചു. 34 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം ഷാ 60 റണ്‍സ് നേടിയാണ് ഷാ പുറത്തായത്.
പിന്നീട് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ഋഷഭ് പന്തും ഷിംറോണ്‍ ഹെറ്റ്‌മെയറും ശ്രദ്ധയോടെ കളിച്ച് ഡൽഹി സ്കോർ 100 കടത്തി. ചെന്നൈ ബൗളർമാരെ കരുതലോടെ നേരിട്ട ഇവർ അഞ്ചാം വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർത്തതിന് ശേഷം കളിയുടെ ഗിയർ മാറ്റുകയായിരുന്നു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 114 റണ്‍സാണ് ഡല്‍ഹിക്കുണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇരുവരും തകർത്തടിച്ചതോടെ 18ാ൦ ഓവറിൽ ഡൽഹി സ്കോർ 150 കടന്നു. അഞ്ചാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ ഡ്വെയ്ൻ ബ്രാവോയാണ് പൊളിച്ചത്. 4 പന്തുകളില്‍ നിന്ന് 37 റണ്‍സെടുത്ത ഹെറ്റ്‌മെയറെ ബ്രാവോ ജഡേജയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അവസാനം വരെ ക്രീസിൽ നിന്ന പന്ത് അവസാന പന്തിലാണ് അർധസെഞ്ചുറി നേടിയത്. 35 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകളും രണ്ട് സിക്‌സും സഹിതം 51 റൺസാണ് പന്ത് നേടിയത്.
ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

