ഷാർജയിലെ വേഗം കുറഞ്ഞ പിച്ചിൽ കൊൽക്കത്ത ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ഡൽഹി ബാറ്റർമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. 39 പന്തിൽ 36 റൺസ് നേടിയ ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. അവസാന ഓവറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 27 പന്തുകൾ നേരിട്ട താരം 30 റൺസോടെ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. കൊൽക്കത്ത ബൗളർമാരെ മികച്ച രീതിയിൽ നേരിട്ട ഇരുവരും ആദ്യ നാലോവറിൽ 32 റൺസെടുത്തു. എന്നാൽ അഞ്ചാം ഓവറിൽ പൃഥ്വി ഷായെ പുറത്താക്കി വരുൺ ചക്രവർത്തി ഡൽഹിയുടെ സ്കോറിങ്ങിന് തടയിട്ടു. 12 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത ഷായെ ചക്രവർത്തി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
advertisement
ഷാ പുറത്തായതിന് ശേഷം മാർക്കസ് സ്റ്റോയ്‌നിസ് ക്രീസിൽ എത്തിയെങ്കിലും കൊൽക്കത്ത ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ധവാനും സ്റ്റോയ്‌നിസിനും ബൗണ്ടറികൾ നേടാൻ കഴിയാതെ വന്നതോടെ ഡൽഹിയുടെ റൺറേറ്റ് താഴോട്ട് വീഴുകയായിരുന്നു. ആദ്യ 10 ഓവറിൽ നിന്നും 65 മാത്രമാണ് ഡൽഹിക്ക് നേടാനായത്. റൺസ് ഓടിയെടുത്ത് ഇരുവരും ഡൽഹി സ്കോർബോർസിലേക്ക് റൺസ് ചേർത്തുകൊണ്ടിരുന്നു. എന്നാൽ സ്കോർ 71 ൽ നിൽക്കെ സ്റ്റോയ്‌നിസിനെ ക്ലീൻ ബൗൾഡാക്കി ശിവം മാവി കൂട്ടുകെട്ട് പൊളിച്ചു.23 പന്തുകളില്‍ നിന്ന് 18 റണ്‍സെടുക്കാനെ സ്റ്റോയ്‌നിസിന് കഴിഞ്ഞുള്ളൂ.
സ്റ്റോയ്‌നിസ് മടങ്ങിയതിന് ശേഷം ശ്രേയസ് അയ്യർ ക്രീസിൽ എത്തിയെങ്കിലും കൊൽക്കത്ത ബൗളർമാരുടെ കണിശതയോടെയുള്ള ബൗളിങ്ങിൽ അയ്യർക്കും വമ്പനടികൾ നേടാൻ കഴിയാതെ പോവുകയായിരുന്നു. മറുവശത്ത് ക്ഷമയോടെ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ധവാൻ 39 പന്തുകളിൽ 36 റൺസെടുത്ത് നിൽക്കെ വരുൺ ചക്രവർത്തിയുടെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഷാകിബ് അൽ ഹസന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ വന്ന ഡല്‍ഹി നായകന്‍ ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ആറ് റണ്‍സ് മാത്രമെടുത്ത പന്ത് ലോക്കി ഫെര്‍ഗൂസന്റെ പന്തിൽ രാഹുല്‍ ത്രിപാഠിയുടെ കൈകളിലൊതുങ്ങി.
പന്തിന് പകരം വന്ന ഷിംറോണ്‍ ഹെറ്റ്‌മെയറെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയെങ്കിലും അമ്പയര്‍ നോബോള്‍ വിളിച്ചു. ഫ്രീഹിറ്റ് ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചില്ല. 17.1 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. പിന്നാലെ രണ്ട് സിക്‌സടിച്ച് ഹെറ്റ്‌മെയര്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 19-ാം ഓവറില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച ഹെറ്റ്‌മെയറെ വെങ്കടേഷ് അയ്യര്‍ റണ്‍ ഔട്ടാക്കി. 10 പന്തുകളില്‍ നിന്ന് 17 റണ്‍സാണ് താരം നേടിയത്. അവസാന ഓവറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് ടീം സ്‌കോര്‍ 130 കടത്തിയത്. ശ്രേയസ് അയ്യർ 30 റൺസോടെയും അക്‌സർ പട്ടേൽ നാല് റൺസോടെയും പുറത്താകാതെ നിന്നു.
കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോക്കി ഫെർഗൂസൻ, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം 15ന് നടക്കുന്ന ഫൈനലിൽ ദുബായിലെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്‌സുമായി ഏറ്റുമുട്ടും.
