പഞ്ചാബിനെതിരായ മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സ്‌റ്റോക്‌സ് ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നു. പിന്നീട് പന്തെറിയാനും ഇംഗ്ലീഷ് താരത്തിന് സാധിച്ചിരുന്നില്ല. പിന്നാലെ ഓപ്പണറായി ക്രീസിലെത്തിയ സ്‌റ്റോക്‌സ് നേരിട്ട മൂന്നാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു.
നാട്ടിലേക്ക് മടങ്ങുന്ന സ്‌റ്റോക്സിന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ സ്റ്റോക്സിന്റെ പിതാവ് ജെറാര്‍ഡ് സ്റ്റോക്സിന്റെ പേരെഴുതിയ രാജസ്ഥാന്റെ ജേഴ്‌സി നൽകിയാണ് യാത്രയാക്കിയത്. താരത്തിന്റെ പിതാവ് ഈയിടെ മരണപ്പെട്ടിരുന്നു. പിതാവുമായി അഗാധമായ സ്നേഹബന്ധം സ്റ്റോക്സ് നിലനിർത്തിയിരുന്നു. പിതാവിന്റെ ചികിത്സാസമയത്ത് സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും നീണ്ട അവധി എടുത്തിരുന്നു.
advertisement
ടി20യിലെ സൂപ്പര്‍ താരമായ ബെന്‍ സ്റ്റോക്സ് പരിക്കേറ്റ് മടങ്ങുമ്പോള്‍ അത് രാജസ്ഥാന്റെ കിരീടമോഹങ്ങള്‍ക്ക് തന്നെയാണ് മങ്ങലേല്‍പ്പിക്കുന്നത്. ബെന്‍ സ്റ്റോക്ക്‌സിനെ നഷ്ടമായത് വലിയ തിരിച്ചടിയാണെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും അഭിപ്രായപ്പെട്ടു. സ്റ്റോക്സ് മടങ്ങുന്നതോടെ ആരാവും ടീമിൽ പകരമെത്തുക എന്ന ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. സ്റ്റോക്സിന് പകരം ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയെ രാജസ്ഥാന്‍ പരിഗണിക്കുമെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ ന്യൂസിലന്‍ഡിനായി അരങ്ങേറിയ താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്‌ച്ച വെക്കുന്നത്. സ്റ്റോക്സിന് പകരം ന്യൂസിലന്‍ഡ് താരം തന്നെയായ കോറി ആന്‍ഡേഴ്‌സണ്‍, ശ്രീലങ്കന്‍ താരം തിസാരെ പെരേര ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്പ്‌സ് എന്നിവരെയും രാജസ്ഥാന്‍ പരിഗണിക്കുന്നുണ്ട്.
മൂന്ന് മാസം വിശ്രമം വേണ്ടി വരുമെന്നതിനാൽ ജൂണില്‍ ന്യൂസിലന്‍ഡിൽ നടക്കുന്ന ടെസ്റ്റ് പരമ്പര സ്‌റ്റോക്‌സിന് നഷ്ടമാവും. അതേമാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന നിശ്ചിത ഓവര്‍ പരമ്പയും സ്റ്റോക്‌സിന് നഷ്ടമാവും. എന്നാൽ എന്നാല്‍ ആഗസ്റ്റ് നാലിന് ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ സ്റ്റോക്‌സ് തിരിച്ചെത്തും.
ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്നേ തന്നെ രാജസ്ഥാൻ ടീമിലെ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്കും പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. എത്രയും പെട്ടെന്ന് തന്നെ ടീമിനൊപ്പം ചേരാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
News summary: Ben Stokes received a farewell as he went back home with Rajasthan Royals' jersey with the name of his father, who passed away last December.