ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത പതിയെയാണ് തുടങ്ങിയത്. ഓപ്പണർമാരായ ഗില്ലും, റാണയും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് മാത്രം നേടാനേ കൊൽക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ. ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം കിട്ടി ഇറങ്ങിയ സുനിൽ നരേയ്നെ തകർപ്പൻ ക്യാച്ചിലൂടെ ജെയ്സ്വാൾ മടക്കി. നായകൻ മോർഗൻ ഇന്നത്തെ മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി. ഒരു പന്ത് പോലും നേരിടാൻ കഴിയാതെ അനാവശ്യ റണ്ണിന് ശ്രമിക്കവെയാണ് താരം പുറത്തായത്. ഇതോടെ നാല് വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു.
advertisement
ശേഷം ക്രീസിൽ ഒരുമിച്ച ദിനേഷ് കാർത്തിക്കും രാഹുൽ ത്രിപാഠിയും ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോർ 94ൽ എത്തിയപ്പോൾ മുസ്താഫിസുർ റഹ്‌മാൻ ഈ കൂട്ടുകെട്ട് തകർത്തു. 36 റൺസെടുത്ത ത്രിപാഠിയാണ് മടങ്ങിയത്. ത്രിപാഠി തന്നെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. പിന്നീടെത്തിയ റസലിനും, കമ്മിൻസിനും ഇന്ന് സ്കോർബോർഡിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല.
മൂന്ന് ഇംഗ്ലീഷ് താരങ്ങൾ ടീമിൽ നിന്ന് പിന്മാറിയത്തിന്റെ ആഘാതവും പേറിയാണ് രാജാസ്ഥന്റെ യാത്ര. ഇന്നത്തെ മത്സരത്തിൽ ടീമിലെത്തിയ യുവതാരം യശസ്വി ജെയ്സ്വാളാണ് ബട്ട്ലറിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ വർഷത്തെ ലേലത്തിൽ രാജസ്ഥാൻ 2.4 കോടി രൂപയ്ക്കാണ് ഈ പത്തൊമ്പത്തുകാരനെ ടീമിലെത്തിച്ചത്.
സ്ഥിരതയില്ലായ്മയുടെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന രാജസ്ഥാൻ നായകൻ സഞ്ജു ഇന്നത്തെ മത്സരത്തിൽ മറുപടി പ്രകടനം കാഴ്ച വെക്കേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ ഗംഭീര സെഞ്ച്വറി പ്രകടനം പുറത്തെടുത്ത സഞ്ജു, ബാക്കി മത്സരങ്ങളിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയിച്ചെങ്കിലും സഞ്ജു നേടിയത് നാല് റണ്‍സ് മാത്രമായിരുന്നു. ചെന്നൈക്കെതിരെ അഞ്ച് പന്തില്‍ നേടിയത് ഒരു റണ്ണും. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ നന്നായി തുടങ്ങിയെങ്കിലും 18 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി.
ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് 23 തവണയാണ്. ഇതില്‍ 12 തവണയും ജയം കെ കെ ആറിനായിരുന്നു. 10 തവണയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഒരു മത്സരം ഫലം കാണാതെ പോയി. പോയിന്റ് ടേബിളിൽ നിലവിൽ രാജസ്ഥാൻ എട്ടാം സ്ഥാനത്തും കൊൽക്കത്ത ഏഴാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും നാല് കളികളിൽ നിന്നും ഓരോ ജയമാണ് ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളത്.
