ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിൽ 16.25 കോടി എന്ന റെക്കോർഡ് തുക മുടക്കി ക്രിസ് മോറിസിനെ ടീമിലെത്തിച്ച രാജസ്ഥാൻ അടിമുടി മാറ്റങ്ങളുമായാണ് ഇത്തവണ പോരാട്ടത്തിനിറങ്ങിയത്. നായക സ്ഥാനത്തേക്ക് യുവതാരം സഞ്ജു സാംസണെയാണ് അവർ തിരഞ്ഞെടുത്തത്. എന്നാല്‍ ടീമെന്ന നിലയില്‍ രാജസ്ഥാന് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. നിലവിൽ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിലാണ് ടീം.
ടൂർണമെൻ്റിൽ മോശം ഫോമിലാണ് ടീം കളിക്കുന്നതെങ്കിലും ടീമിൻ്റെ മൊത്തത്തില്ലുള്ള അന്തരീക്ഷം സന്തോഷകരവും തമാശകളാൽ നിറഞ്ഞതുമാണ്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന കാരണം ബയോ ബബിൾ സംവിധാനത്തിൽ നിൽക്കുന്ന ടീമുകൾ അവരുടെ കളിക്കാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി പലതരം വിനോദങ്ങളിലും കളികളിലും ഏർപ്പെടുത്താറുണ്ട്. ഇത് കൂടാതെ താരങ്ങൾ തമ്മിൽ തന്നെ രസകരമായ അഭിമുഖങ്ങളും നടത്താറുണ്ട്. ഇതെല്ലാം ടീമുകൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകർക്ക് മുന്നിൽ എത്തിക്കാറുമുണ്ട്.
advertisement
രാജസ്ഥാൻ റോയൽസ് താരങ്ങളും അത്തരത്തിൽ അഭിമുഖങ്ങൾ നടത്തിയിരുന്നു. അതിൽ ഒന്ന് ഈയിടെ ടീം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു. ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ താരമായ ഐപിഎല്ലിലെ ഏറ്റവും വിലപ്പെട്ട താരമായ ക്രിസ് മോറിസ് എന്നിവരായിരുന്നു അഭിമുഖത്തിൽ. താരങ്ങൾ പരസ്പരം നടത്തിയ അഭിമുഖത്തിൽ തങ്ങളുടെ ഇഷ്ട്ടങ്ങളെക്കുറിച്ചും ഐപിഎല്ലിലെ ബാക്കി കാര്യങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയായിരുന്നു ഇരുവരും.
ഇതിൽ മോറിസ് പറഞ്ഞ ഒരു കാര്യമാണ് എല്ലാവരും ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത്. നിലവിലെ തന്റെ ഇഷ്ട ടി20 താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് ഇഷ്ട്ട താരങ്ങളായി മോറിസ് തിരഞ്ഞെടുത്തത്. ഐപിഎല്ലില്‍ ഏറ്റവും ലാഭമുണ്ടാക്കി തരുന്ന താരങ്ങളാണ് ഇവരെന്നാണ് മോറിസ് അഭിപ്രായപ്പെട്ടത്.
'സഞ്ജു എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാമത്തെ താരമാണ്. കാരണം ഏറെ നാളുകളായി അവനെ കാണുന്നു. ഇന്നത്തെ നിലയിലേക്ക് വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലും അവന്റെ വളര്‍ച്ച മനോഹരമാണ്. ഹാര്‍ദിക് പാണ്ഡ്യയേയും വളരെ ഇഷ്ടമാണ്. വളരെ മികച്ച ഒരു എൻ്റർടെയ്നർ ആണ് ഹാർദിക്'-മോറിസ് പറഞ്ഞു.
അതേസമയം, 16.25 കോടിക്ക് ലേലത്തിൽ വിറ്റുപോയി എങ്കിലും അതിനനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാന്‍ ക്രിസ് മോറിസിനായിട്ടില്ല. ഡല്‍ഹിക്കെതിരേ ടീമിനെ ജയിപ്പിച്ചതും കെകെആറിനെതിരേ നാല് വിക്കറ്റ് പ്രകടനം നടത്തിയതുമൊഴിച്ചാൽ മോറിസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ മോറിസ് ടീമിന് നൽകിയ സേവനങ്ങളെ പ്രശംസിച്ചാണ് സഞ്ജു സംസാരിച്ചത്. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ടൂർണമെൻ്റിൽ അഞ്ച് മത്സരം കളിച്ച രാജസ്ഥാന്‍ റോയല്‍സ് മൂന്ന് മത്സരത്തില്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങൾ തോറ്റ് നിലവില്‍ ഏഴാം സ്ഥാനത്താണ്. കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് ടീമിന്റെ അടുത്ത എതിരാളികള്‍. ടീമിലെ വിദേശ താരങ്ങളുടെ മടങ്ങിപ്പോക്കും രാജസ്ഥാനെ ബാധിച്ചിട്ടുണ്ട്. ആൻഡ്രൂ ടൈ,ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവര്‍ നാട്ടിലേക്ക് മടങ്ങി. ബെന്‍ സ്‌റ്റോക്‌സ് സീസണിന്റെ തുടക്കത്തിലേ തന്നെ പരുക്കേറ്റ് പുറത്തായിരുന്നു. സീസണിന് മുൻപ് തന്നെ കൈ വിരലിന് പരുക്കേറ്റ് അവരുടെ സ്റ്റാർ ബൗളർ ജോഫ്ര ആർച്ചർ ടീമിൽ നിന്ന് പുറത്തായിരുന്നു. ആർച്ചർ മടങ്ങിയെത്തിയേക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഈയിടെ ആ പ്രതീക്ഷയും അവസാനിച്ചു. ആർച്ചർ ഐപിഎല്ലിന് ഉണ്ടാവില്ല എന്ന് പറഞ്ഞു കൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
Summary- Chris Morris reveals his favourite players in an interview with Rajasthan Royals Captain Sanju Samson
