ചെന്നൈ ഉയർത്തിയ 209 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് ഒരു ഘട്ടത്തിൽ പോലും മത്സരത്തിൽ മേൽക്കൈ നേടാൻ കഴിഞ്ഞില്ല. കൂറ്റൻ സ്കോർ ലക്ഷ്യം വെച്ച് നീങ്ങുകയായിരുന്ന അവരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ചെന്നൈ സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഇതോടെ റൺറേറ്റിന്റെ സമ്മർദ്ദത്തിന് അടിപ്പെട്ട് താരങ്ങളെല്ലാം വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. 20 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറു൦ സഹിതം 25 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
advertisement
മാർഷിന് പുറമെ ഡേവിഡ് വാര്‍ണർ (19), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (21), ശാര്‍ദുല്‍ ഠാക്കൂർ (24) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് അർധസെഞ്ചുറി നേടിയ റോവ്മാൻ പവലും (3) നിരാശപ്പെടുത്തി.
ചെന്നൈക്കായി പന്തെടുത്ത ബൗളർമാരെല്ലാം വിക്കറ്റ് നേടി.നാലോവറിൽ കേവലം 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മൊയീൻ അലി തിളങ്ങിയപ്പോൾ മുകേഷ് ചൗധരി, സിമര്‍ജീത് സിങ്, ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും മഹീഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസ് എടുത്തത്. ഡെവോൺ കോൺവെയുടെ തകർപ്പൻ അർധസെഞ്ചുറി (49 പന്തിൽ 87) പ്രകടനമാണ് ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. കോൺവെയ്ക്ക് പുറമെ ഋതുരാജ് ഗെയ്ക്‌വാദ് (33 പന്തിൽ 41), ശിവം ദൂബെ (19 പന്തിൽ 32), ക്യാപ്റ്റൻ എം എസ് ധോണി (എട്ട് പന്തിൽ 21*) എന്നിവരും ചെന്നൈക്കായി തിളങ്ങി.
ഡൽഹിക്കായി ബൗളിങ്ങിൽ ആൻറിച്ച് നോർക്യ മൂന്നും ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.