ഒന്നാം വിക്കറ്റിൽ കോൺവെയും ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് പടുത്തുയർത്തിയ 110 റൺസ് കൂട്ടുകെട്ടാണ് ചെന്നൈ ഇന്നിങ്സിന്റെ അടിത്തറ. കോൺവെ ആക്രമിച്ച് കളിച്ചപ്പോൾ ഋതുരാജ് താരത്തിന് പിന്തുണ നൽകുകയായിരുന്നു. സീസണിൽ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി കൂട്ടുകെട്ട് സഖ്യം മികച്ച രീതിയിൽ മുന്നേറി സീസണിലെ തങ്ങളുടെ രണ്ടാം സെഞ്ചുറി കൂട്ടുകെട്ട് കൂടി പടുത്തുയർത്തുകയായിരുന്നു. ഇവർ കുറിച്ച ഈ കൂട്ടുകെട്ട് മുതലാക്കിയാണ് ചെന്നൈ പിന്നീടുള്ള ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. ഋതുരാജ് മടങ്ങിയ ശേഷവു൦ അടി തുടർന്ന കോൺവെ രണ്ടാം വിക്കറ്റിൽ ദൂബെയ്‌ക്കൊപ്പം 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുറത്തായത്. 49 പന്തിൽ നിന്നും ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് കോൺവെ 87 അടിച്ചത്. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന താരം സെഞ്ചുറി നേടുമെന്ന് ഏവരും കരുതിയെങ്കിലും സെഞ്ചുറിക്ക് 13 റൺസ് അകലെ ഖലീൽ അഹമ്മദിന്റെ പന്തിൽ ഋഷഭ് പന്തിന് ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു.
advertisement
പിന്നീട് ദൂബെ ചെന്നൈയുടെ ആക്രമണ ചുമതല ഏറ്റെടുക്കുകയായിരുന്നു. 19 പന്തിൽ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 32 റൺസ് എടുത്ത താരം മിച്ചൽ മാർഷിൻറെ പന്തിൽ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ വന്ന റായുഡുവും (5), മൊയീൻ അലിയും (9) പെട്ടന്ന് മടങ്ങിയെങ്കിലും ഡെത്ത് ഓവറുകളിൽ ക്യാപ്റ്റൻ ധോണി നടത്തിയ വെടിക്കെട്ടാണ് ചെന്നൈ സ്കോർ 200 കടത്തിയത്. അവസാന ഓവറിൽ തുടരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ നോർക്യയുടെ പ്രകടനമാണ് ചെന്നൈയുടെ സ്കോർ കൂടുതൽ ഉയരാതെ കാത്തത്.
നോർക്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. നാലോവറിൽ കേവലം 28 റൺസ് മാത്രം വഴങ്ങിയാണ് ഖലീൽ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഖലീൽ ഒഴികെയുള്ള ബൗളർമാരെല്ലാം ചെന്നൈ ബാറ്റർമാരിൽ നിന്നും കണക്കിന് തല്ലുവാങ്ങി.