ഗുജറാത്തിന്റെ കടുകട്ടി ബൗളിങ്ങിന് മുന്നിൽ ശ്വാസം മുട്ടിയ ചെന്നൈക്ക് ആശ്വാസമായത് ഋതുരാജ് ഗെയ്ക്‌വാദിന്റെ അർധസെഞ്ചുറിയും (49 പന്തിൽ 53) സീസണിൽ ആദ്യമായി ചെന്നൈക്ക് വേണ്ടി കളത്തിൽ ഇറങ്ങിയ ജഗദീശന്റെ (33 പന്തിൽ 39) ബാറ്റിംഗ് പ്രകടങ്ങളായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കോൺവെയെ (9 പന്തിൽ 5) വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമിയാണ് ചെന്നൈക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്.
നല്ല തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ കഴിയാതെ വന്ന മൊയീൻ അലി (17 പന്തിൽ 21) സായ് കിഷോറിന്റെ പന്തിൽ റാഷിദ് ഖാന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെത്തിയ ശിവം ദൂബെ (2 പന്തിൽ 0) വന്ന പോലെ മടങ്ങിയപ്പോൾ സീസണിൽ ആദ്യമായി ചെന്നൈക്ക് വേണ്ടി അവസരം ലഭിച്ച ജഗദീശനാണ് ഗെയ്ക്‌വാദിന് കൂട്ടായത്. വിക്കറ്റുകൾ അധികം നഷ്ടമായില്ലെങ്കിലും സ്കോറിങ്ങിന് വേഗമില്ലാതിരുന്നത് ചെന്നൈയെ സമ്മർദ്ദത്തിലാക്കി. ക്യാപ്റ്റൻ ധോണി ക്രീസിൽ എത്തിയെങ്കിലും 10 പന്തിൽ കേവലം ഏഴ് റൺസ് മാത്രം നേടി താരം മടങ്ങിയതോടെ മികച്ച സ്കോർ കണ്ടെത്താമെന്ന ചെന്നൈയുടെ പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
രണ്ട് വിക്കറ്റ് വീഴ്ത്തി ഷമി തിളങ്ങിയപ്പോൾ, ഓരോ വിക്കറ്റ് വീതം വീഴ്ത്തി അൽസാരി ജോസഫ്, റാഷിദ് ഖാൻ, സായ് കിഷോർ എന്നിവർ പിന്തുണ നൽകി.
12 മത്സരങ്ങളിൽ നിന്നും നേടിയ ഒമ്പത് ജയങ്ങളോടെ 18 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്ത് ഇന്നത്തെ മത്സരവും ജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാനാകും ലക്ഷ്യമിടുന്നത്. അതേസമയം, ചെന്നൈ നേരത്തെ തന്നെ പ്ലേഓഫിൽ നിന്നും പുറത്തായിരുന്നു.