കഴിഞ്ഞ സീസണിൽ കലാശപ്പോരിൽ ഏറ്റുമുട്ടിയ ടീമുകൾ തന്നെയാണ് ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നതെങ്കിലും കഴിഞ്ഞ സീസണിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് ഇരു ടീമുകളുമെത്തുന്നത്. പ്രധാന മാറ്റം ഇരു ടീമുകളുടെയും നേതൃസ്ഥാനത്ത് തന്നെയാണ്. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈയുടെ ക്യാപ്റ്റനായിരുന്ന എം എസ് ധോണിയിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് രവീന്ദ്ര ജഡേജ എത്തുമ്പോൾ മറുവശത്ത് കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ നയിച്ച മോർഗന് പകരമായാണ് അയ്യർ കൊൽക്കത്തയുടെ ക്യാപ്റ്റൻ ആയത്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളിലെയും പ്രധാന താരങ്ങളെല്ലാം അണിനിരക്കും. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം ചെന്നൈ ജേഴ്സിയിൽ ധോണി തന്റെ ആദ്യ മത്സരത്തിനിറങ്ങും. വിസ പ്രശ്നങ്ങൾ മൂലം ടീമിനൊപ്പം ചേരാൻ വൈകിയതിനാൽ മൊയീൻ അലി ഇന്ന് ചെന്നൈ നിരയിലുണ്ടാകില്ല. മൊയീൻ അലിക്ക് പകരമായി കിവീസ് താരം ഡെവോൺ കോൺവെ ചെന്നൈക്ക് വേണ്ടി ഇറങ്ങും. കിവീസ് താരത്തിന്റെ അരങ്ങേറ്റ ഐപിഎൽ സീസൺ ആണിത്. പരിക്ക് മൂലം ദീപക് ചാഹർ കളിക്കുന്നില്ല. താരത്തിന് പകരമായി തുഷാർ ദേശ്‌പാണ്ഡെ ടീമിലിടം നേടി.
advertisement
മറുവശത്ത് അയ്യർക്കൊപ്പം റസൽ, നരെയ്ൻ, വെങ്കടേഷ് അയ്യർ, രഹാനെ എന്നിവർ അണിനിരക്കും. പാകിസ്ഥാൻ പര്യടനത്തിലായതിനാൽ ഓസീസ് താരങ്ങളായ ഫിഞ്ചിനും കമ്മിൻസിനും ടീമിനൊപ്പം ചേരാൻ കഴിഞ്ഞിട്ടില്ല.
പ്ലെയിങ് ഇലവൻ
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഋതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), ശിവം ദുബെ, എം എസ് ധോണി (വിക്കറ്റ് കീപ്പർ), ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, തുഷാര്‍ ദേഷ്പാണ്ഡെ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റൻ), നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസൽ, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പർ), ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

