ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് എടുത്തത്. കൊൽക്കത്ത ബൗളർമാരുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ പ്രതിരോധത്തിലായ ചെന്നൈയെ എം എസ് ധോണിയുടെ (M S Dhoni) അർധസെഞ്ചുറി പ്രകടനമാണ് (38 പന്തിൽ 50) ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ധോണിക്കൊപ്പം ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും (Ravindra Jadeja) (28 പന്തിൽ 26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവെന്ന പെരുമയോടെ ഇറങ്ങിയ യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെ (0) ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ തന്നെ ഉമേഷ് യാദവ് മടക്കി. ഓവറിലെ മൂന്നാം പന്തിൽ ഉമേഷ് ഗെയ്ക്‌വാദിനെ നിതീഷ് റാണയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നാലെ തന്നെ ആദ്യ ഐപിഎൽ സീസണിൽ കളിക്കുന്ന കിവീസ് താരം ഡെവോൺ കോൺവേയേയും (3) മടക്കി ഉമേഷ് ചെന്നൈയെ വീണ്ടും ഞെട്ടിച്ചു.
advertisement
പവർപ്ലേ ഓവറുകൾക്കുള്ളിൽ തന്നെ ഓപ്പണർമാരെ നഷ്ടമായ ചെന്നൈയെ ചെറിയൊരു മിന്നൽ വെടിക്കെട്ടിലൂടെ തിരിച്ചുകൊണ്ടുവരാൻ ഉത്തപ്പ ശ്രമിച്ചെങ്കിലും വരുൺ ചക്രവർത്തിയുടെ പന്തിൽ കീപ്പർ ഷെൽഡൺ ജാക്‌സന്റെ മിന്നൽ സ്റ്റമ്പിങ് താരത്തിന് ഡ്രസിങ് റൂമിലേക്കുള്ള വഴി കാണിച്ചുനൽകുകയായിരുന്നു. 21 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 28 റൺസാണ് ഉത്തപ്പ നേടിയത്.
തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ വിക്കറ്റിനിടെയുള്ള ഓട്ടത്തിൽ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശക് മൂലം അമ്പാട്ടി റായുഡുവും (15) പുറത്തായതോടെ ചെന്നൈ പാടെ പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെയും കാര്യമായ സംഭാവന നൽകാൻ കഴിയാതെ മടങ്ങിയതോടെ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിൽ തകരുകയായിരുന്നു.
പിന്നീട് ക്രീസിൽ ഒന്നിച്ച മുൻ ക്യാപ്റ്റൻ എം എസ് ധോണിയും നിലവിലെ ക്യാപ്റ്റൻ ജഡേജയും ചേർന്നാണ് ചെന്നൈ ഇന്നിങ്സിനെ രക്ഷിച്ചെടുത്തത്. ആറാം വിക്കറ്റിൽ 70 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. അവസാന മൂന്ന് ഓവറുകളിൽ നിന്നും 47 റൺസാണ് ധോണിയും ജഡേജയും ചേർന്ന് അടിച്ചെടുത്തത്. 38 പന്തുകളിൽ ഏഴ് ഫോറും ഒരു സിക്‌സും നേടിയ ധോണി ഐപിഎല്ലിലെ തന്റെ 24-ാ൦ അർധസെഞ്ചുറി നേട്ടമാണ് സ്വന്തമാക്കിയത്.
കൊൽക്കത്തയ്ക്കായി ഉമേഷ് യാദവ് രണ്ടും ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.