ബൗളർമാരുടെ കൂട്ടായ പ്രകടനമാണ് പഞ്ചാബിന് ജയം കൊണ്ടുവന്നത്. പഞ്ചാബിനായി ബൗളിങ്ങിൽ രാഹുൽ ചാഹർ മൂന്ന്, വൈഭവ് അറോറ, ലിയാം ലിവിങ്സ്റ്റൺ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി. നേരത്തെ ബാറ്റിങ്ങിൽ അർധസെഞ്ചുറി നേടിയ (32 പന്തിൽ 60) ലിവിങ്സ്റ്റൺ ആയിരുന്നു പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈക്ക് ഏറ്റവും മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ കഴിയാതിരുന്ന അവർ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്. അതേസമയം, ചെന്നൈക്കെതിരെ നേടിയ ജയവുമായി പഞ്ചാബ് മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി നാല് പോയിന്റോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
advertisement
ചെന്നൈ നിരയിൽ വെടിക്കെട്ട് അർധസെഞ്ചുറിയുമായി ശിവം ദൂബെ പോരാടിയെങ്കിലും താരത്തിന് പിന്തുണ നൽകാൻ മറുവശത്ത് ആരുമുണ്ടായിരുന്നില്ല. 30 പന്തുകളിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും 57 റൺസ് നേടിയ ദൂബെയാണ് ചെന്നൈ ഇന്നിങ്സിലെ ടോപ് സ്‌കോറർ. 36 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടമായി പതറിയ ചെന്നൈയെ ആറാം വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് എം എസ് ധോണിയും (28 പന്തിൽ 23) തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും റൺ ഉയർത്താനുള്ള ശ്രമത്തിനിടെ ദൂബെ മടങ്ങിയതോടെ ചെന്നൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ചെന്നൈ നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ രവീന്ദ്ര ജഡേജ, മൊയീൻ അലി, ഡ്വെയ്ൻ ബ്രാവോ എന്നിവർ പൂജ്യത്തിന് പുറത്തായതും ചെന്നൈക്ക് തിരിച്ചടിയായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ലിയാം ലിവിങ്‌സ്റ്റണിന്റെയും (32 പന്തിൽ 60) ശിഖർ ധവാന്റെയും (24 പന്തിൽ 33) അരങ്ങേറ്റ താരം ജിതേഷ് ശർമയുടെയും (17 പന്തിൽ 26) പ്രകടനങ്ങളുടെ ബലത്തിലാണ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എടുത്തത്.
ചെന്നൈക്ക് വേണ്ടി ക്രിസ് ജോർദാൻ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

