മുകേഷ് ചൗധരി ചെന്നൈക്കായി നാല് വിക്കറ്റ് നേടിയപ്പോള്‍ ഹൈദരാബാദിനായി നിക്കോളാസ് പുരാന്റെ പോരാട്ടം പാഴായി.
advertisement
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍മാര്‍ പവര്‍പ്ലേ പവറാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആറാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ അഭിഷേക് ശര്‍മ്മയെയും മൂന്നാമന്‍ രാഹുല്‍ ത്രിപാഠിയെയും പുറത്താക്കി മുകേഷ് ചൗധരി ഇരട്ട പ്രഹരം നല്‍കി.
തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ നേടി സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ച് എയ്ഡന്‍ മാര്‍ക്രാമിനെ തൊട്ടടുത്ത പന്തില്‍ സാന്റ്‌നര്‍ മടക്കി. നിക്കോളാസ് പുരാനും കെയ്ന്‍ വില്യംസണും പരമാവധി ശ്രമിച്ചു. എന്നാല്‍ ഇതിനിടെ 37 പന്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കേ വില്യംസണ്‍ പ്രിറ്റോറിയസിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി.
15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സണ്‍റൈസേഴ്‌സ് 131-4 എന്ന നിലയിലായിരുന്നു. ശശാങ്ക് സിംഗിനെ കൂട്ടുപിടിച്ച് പുരാന്‍ ശ്രമിച്ചെങ്കിലും റണ്‍മലയുടെ ഉയരം കൂടുതലായിരുന്നു. പുരാന്‍ 33 പന്തില്‍ 64 ഉം മാര്‍ക്കോ ജാന്‍സണ്‍ അക്കൗണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍ യുവതാരം റുതുരാജ് ഗെയ്ക്വാദിന് ഒരു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായി.
57 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം 99 റണ്‍സ് നേടിയാണ് റുതുരാജ് പുറത്തായത്. ഡിവോണ്‍ കോണ്‍വെ 55 പന്തില്‍ 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി നടരാജന്‍ രണ്ട് വിക്കറ്റ് നേടി.