57 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം 99 റണ്‍സ് നേടിയാണ് റുതുരാജ് പുറത്തായത്. ഡിവോണ്‍ കോണ്‍വെ 55 പന്തില്‍ 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി നടരാജന്‍ രണ്ട് വിക്കറ്റ് നേടി.
രവീന്ദ്ര ജഡേജ മാറി എം എസ് ധോണി വീണ്ടും നായകനായപ്പോള്‍ ഈ സീസണിലെ ഗംഭീര തുടക്കങ്ങളിലൊന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയിരിക്കുന്നത്. പ്രതാപകാലത്തേക്ക് ആരാധകരെ തിരികെ കൊണ്ടുപോയ റുതുരാജ് ഗെയ്ക്വാദിനൊപ്പം കോണ്‍വെ ചെന്നൈക്ക് അതിശയിപ്പിക്കുന്ന തുടക്കം നല്‍കി. ഗെയ്ക്വാദ് 33 പന്തില്‍ 50 തികച്ചു. പിന്നാലെ പേസ് എക്‌സ്പ്രസ് ഉമ്രാന്‍ മാലിക്കനെയടക്കം തകര്‍ത്തടിച്ച് ഗെയ്ക്വാദ് സിക്‌സര്‍ പൂരമൊരുക്കി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്ത ടീമിനെ 11-ാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രാമിനെ അടിച്ചുപറത്തി ഗെയ്ക്വാദ് 100 കടത്തി.
12 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സ്. 39 പന്തില്‍ കോണ്‍വെയും അര്‍ധ സെഞ്ച്വറി തികത്തോടെ 15 ഓവറില്‍ 150 കടന്നു സിഎസ്‌കെ. 18-ാം ഓവറില്‍ 99ല്‍ നില്‍ക്കേ സെഞ്ച്വറിക്കരികെ ഗെയ്ക്വാദിനെ ഭുവിയുടെ കൈകളില്‍ നടരാജന്‍ എത്തിച്ചു. 17.5 ഓവറില്‍ 182ല്‍ നില്‍ക്കേയാണ് ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുന്നത്. പിന്നാലെയെത്തിയ ധോണിയെ 7 പന്തില്‍ എട്ടില്‍ നില്‍ക്കേ നടരാജന്‍ മടക്കി. കോണ്‍വേയ്‌ക്കൊപ്പം രവീന്ദ്ര ജഡേജ 1 പുറത്താകാതെ നിന്നു.
നിലവില്‍ എട്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ ചെന്നൈയ്ക്കു രണ്ടെണ്ണത്തില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂ. നാലു പോയിന്റ് മാത്രമുള്ള അവര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്തുമാണ്.