50 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 75 റണ്‍സാണ് അഭിഷേക് നേടിയത്. കെയ്ന്‍ വില്യംസണ്‍ 32 റണ്‍സും രാഹുല്‍ ത്രിപാടി 39 റണ്‍സും നേടി. സീസണിലെ ഹൈദരാബാദിന്റെ ആദ്യ ജയവും ചെന്നൈയുടെ നാലാം തോല്‍വിയുമാണിത്.
ശ്രദ്ധയോടെയാണ് ഹൈദരാബാദ് വിജയത്തിലേക്ക് ബാറ്റ് ചെയ്തത്. നായകന്‍ വില്യംസണ്‍ ഏകദിന ശൈലിയിലായിരുന്നു കളിച്ചത്. 40 പന്തുകള്‍ നേരിട്ടാണ് ക്യാപ്റ്റന്‍ 32 റണ്‍സെടുത്തത്. രണ്ട് ഫോറും ഒരു സിക്സും ഇന്നിംഗ്സിലുണ്ടായിരുന്നു. എന്നാല്‍ ഒന്നാം വിക്കറ്റില്‍ അഭിഷേകിനൊപ്പം 89 റണ്‍സ് നേടാന്‍ വില്യംസണിനായി. 13-ാം ഓവറില്‍ മുകേഷ് ചൗധരിയുടെ പന്തില്‍ മൊയീന്‍ അലിക്ക് ക്യാച് നല്‍കിയാണ് വില്യംസണ്‍ മടങ്ങിയത്.
advertisement
പകരമെത്തിയ ത്രിപാടിയാണ് ഹൈദരാബാദിന് വിജയം കൊണ്ടുവന്നത്. രണ്ട് സിക്സും അഞ്ച് ഫോറും താരം നേടി. ഇതിനിടെ അഭിഷേക് മടങ്ങി. അഞ്ച് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. ത്രിപാടിക്കൊപ്പം നിക്കോളാസ് പുരാന്‍ (5) പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. 48 റണ്‍സെടുത്ത മോയിന്‍ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
ചെന്നൈക്കായി അമ്പാട്ടി റായുഡു 27 പന്തില്‍ 27 റണ്‍സും രവീന്ദ്ര ജഡേജ 15 പന്തില്‍ 23 റണ്‍സ്‌ക് നേടി. ഹൈദരാബാദിനായി ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

