‘യൂസിക്ക് സന്തോഷം, ഭാഭിക്ക് (ധനശ്രീ) സന്തോഷം, ഞങ്ങൾക്കേറെ സന്തോഷം, എന്തൊരു ഹാട്രിക്’– എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.
പ്രശസ്ത കൊറിയോഗ്രഫർ കൂടിയായ ധനശ്രീ അഭിമുഖത്തിൽ ചാഹലിനോട് ചോദിക്കുന്നത് ഇങ്ങനെ, ‘ഞാൻ ഇപ്പോൾ ബബിളിന് പുറത്താണ്, എന്ത് തോന്നുന്നു. ഹാട്രിക് എടുത്തിരിക്കുന്നു അതിന്റെയും സന്തോഷമുണ്ടല്ലോ.’- ധനശ്രീ ചോദിക്കുന്നു. ‘വളരെ സന്തോഷമുണ്ട്, ആദ്യത്തെ ഹാട്രിക് ആണല്ലോ.’ - മറുപടി ഒരു ചെറു പുഞ്ചിരിയിൽ പൊതിഞ്ഞുകൊണ്ട് ചാഹൽ പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ ഏഴ് റൺസിന്റെ ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മൊത്തം 417 റൺസ് പിറന്ന മത്സരത്തിൽ ഹാട്രിക് സഹിതം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് മത്സരം രാജസ്ഥാന്റെ കൈകളില്‍ എത്തിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ശ്രേയസ്സ് അയ്യരുടെയും, ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെയും അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് കരുതിയെങ്കിലും ചാഹല്‍ എറിഞ്ഞ 17-ാം ഓവര്‍ മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവാകുകയായിരുന്നു. ഓവറിന്റെ അവസാന മൂന്നു പന്തുകളില്‍ ശ്രേയസ്സ് അയ്യരടക്കം മൂന്നു പേരുടെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് ചാഹല്‍ മത്സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്. പിന്നീടെത്തിയ ഉമേഷ് യാദവ് ഒന്നു വിറപ്പിച്ചെങ്കിലും (9 പന്തില്‍ 21) കൊല്‍ക്കത്തയെ വിജയത്തിലേക്ക് എത്തിക്കാനായില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്.