സ്കോർ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ - 20 ഓവറിൽ 207/4; ലക്നൗ സൂപ്പർ ജയൻറ്സ് 20 ഓവറിൽ 193/6
മത്സരം ജയിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്വാളിഫയർ രണ്ടിൽ രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. അതേസമയം, മത്സരത്തിൽ തോറ്റതോടെ ലക്നൗ ടൂർണമെന്റിൽ നിന്നും പുറത്തായി.
ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചിൽ ടോസ് നഷ്ടപ്പെട്ടിട്ടും ജയിക്കാൻ കഴിഞ്ഞത് ക്വാളിഫയർ രണ്ടിൽ രാജസ്ഥാനെ നേരിടുമ്പോൾ ബാംഗ്ലൂരിന് ആത്മവിശ്വാസം നൽകും. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഹെയ്സൽവുഡ് ബാംഗ്ലൂരിനായി തിളങ്ങി. 58 പന്തുകളിൽ 78 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലാണ് ലക്നൗവിന്റെ ടോപ് സ്‌കോറർ. രാഹുലിന് പുറമെ ദീപക് ഹൂഡ (45) മാത്രമാണ് തിളങ്ങിയത്.
advertisement
ബാംഗ്ലൂർ ഉയർത്തിയ 208 റൺസ് ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലക്നൗവിന് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടി. ആറ് റൺസ് എടുത്ത ഡീകോക്കിനെ പുറത്താക്കി സിറാജാണ് ലക്നൗവിനെ ഞെട്ടിച്ചത്. ഡീകോക്ക് മടങ്ങിയ ശേഷം മനൻ വോഹ്‌റയും രാഹുലും ചേർന്ന് ലക്നൗ സ്കോർ മുന്നോട്ട് നയിച്ചു. ഇരുവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ലക്നൗവിന്റെ സ്കോറിങ് റേറ്റ് വീഴാതെ നിന്നു. ഒടുവിൽ സ്കോർ 41 ൽ നിൽക്കെ 11 പന്തിൽ 19 റൺസ് എടുത്ത വോഹ്‌റയെ മടക്കി ഹെയ്സൽവുഡ് ബാംഗ്ലൂരിന് ആശ്വാസം നൽകി.
എന്നാൽ വോഹ്‌റ മടങ്ങിയ ശേഷം ക്രീസിൽ എത്തിയ ദീപക് ഹൂഡയും രാഹുലും ചേർന്ന് ലക്നൗവിനെ അതിവേഗം മുന്നോട്ട് നയിച്ചു. തകർത്തടിച്ച് മുന്നേറിയ സഖ്യം മൂന്നാം വിക്കറ്റിൽ 96 റൺസ് ചേർത്തതിന് ശേഷമാണ് പിരിഞ്ഞത്. 26 പന്തിൽ നിന്നും നാല് സിക്‌സും ഒരു ഫോറും സഹിതം 45 റൺസ് നേടിയ ഹൂഡ ഹസരങ്കയുടെ പന്തിൽ ബൗൾഡ് ആവുകയായിരുന്നു.
ഹൂഡ മടങ്ങിയ ശേഷവും രാഹുൽ അടിതുടർന്നെങ്കിലും മറുവശത്ത് പിന്തുണയ്ക്കാൻ ആളുണ്ടായില്ല. ഹൂഡയ്ക്ക് പകരം വന്ന സ്റ്റോയ്‌നിസ് (9) പെട്ടെന്ന് മടങ്ങി. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ഹെയ്സൽവുഡിന്റെ പന്തിൽ രാഹുൽ ഷഹബാസിന്റെ കൈകളിൽ ഒതുങ്ങുകയും പിന്നാലെ ക്രുനാൽ പാണ്ഡ്യ ഗോൾഡൻ ഡക്കാവുകയും ചെയ്തതോടെ ലക്നൗവിന്റെ പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
ബാംഗ്ലൂരിനായി ബൗളിങ്ങിൽ ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ്, ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.